ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍ക്കൊള്ളണം: കാനം

കൊച്ചി: ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ്  സിപിഐ എന്നും നിലകൊണ്ടിട്ടുള്ളതെന്നും ഇന്ത്യയിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍ക്കൊള്ളണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഐഎംഎല്‍ ലിബറേഷന്‍, എസ്‌യുസിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങി ഒട്ടനവധി സംഘടനകള്‍  സഖ്യത്തില്‍ അണിചേരേണ്ടതുണ്ട്. ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഭാവിയില്‍ ഇത് പരിഹരിച്ച് ഇടത് മതേതര ജനാധിപത്യ സഖ്യം വരുമെന്ന വിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയം യാഥാര്‍ഥ്യ ബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പ്രമേയത്തില്‍ കോണ്‍ഗ്രസ് എന്ന വാക്ക് തന്നെയില്ല. ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ പ്രസക്തിയുള്ള നിലപാടാണ്  സിപിഐ അവതരിപ്പിച്ചത്. ഓരോ രാഷ്ട്രീയ കക്ഷികളും ഡല്‍ഹിയില്‍ സ്വീകരിക്കുന്ന നിലപാടിനാണ് പ്രസക്തി.
ആര്‍എസ്എസിനു സംഘപരിവാര സംഘടനകള്‍ക്കും എതിരായ നിലപാടില്‍ ഒന്നിക്കുകയെന്നതിനാണ് ഇപ്പോള്‍ പ്രസക്തിയുള്ളതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വരാപ്പുഴയില്‍ നടന്ന സംഭവങ്ങള്‍ എല്‍ഡിഎഫിന്റെ  പോലിസ് നയത്തിന്റെ ഭാഗമല്ല. അന്വേഷണത്തിന് ശേഷം നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍  സ്വാഭാവികമാണെന്നും നിലവില്‍ പ്രാദേശിക പ്രവര്‍ത്തകര്‍ ഇടപെടേണ്ട സാഹചര്യമാണ്  അവിടെയുള്ളതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു
Next Story

RELATED STORIES

Share it