World

ഇന്ത്യയിലെ ബാങ്കുകള്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ബ്രിട്ടിഷ് കോടതി

ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കുന്നതിനായി ഇന്ത്യയിലെ ബാങ്കുകള്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ലണ്ടനിലെ വെസ്റ്റ് മിനിസ്‌റ്റേഴ്‌സ് കോടതി ജഡ്ജി എമ്മ ആര്‍ബത്‌നോട്ട്. 9,000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തി രാജ്യംവിട്ട മല്യയെ കേസില്‍ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കവേയാണ് ബ്രിട്ടിഷ് കോടതിയുടെ നിരീക്ഷണം.
മല്യക്കെതിരായ തെളിവിന്റെ കഷണങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും അവ ഒരുമിച്ചു ചേര്‍ത്താല്‍ മാത്രമേ വ്യക്തമായ ചിത്രം കിട്ടൂവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, മാസങ്ങള്‍ക്കു മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് ഇപ്പോള്‍ ഈ കേസില്‍ കൂടുതല്‍ വ്യക്തത വന്നതായും ജഡ്ജി അഭിപ്രായപ്പെട്ടു. മല്യയുടെ കമ്പനിക്ക് വായ്പ നല്‍കുന്നതിനായി ബാങ്കുകള്‍ അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെ ലംഘിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ വിശദീകരണം നല്‍കണമെന്നും ഗൂഢാലോചന സംബന്ധിച്ചു വ്യക്തമാവാന്‍ ഈ വിവരങ്ങള്‍ അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.  ക്രൈം പ്രോസിക്യൂഷന്‍ സര്‍വീസാണ് (സിപിഎസ്) ഇന്ത്യന്‍ സര്‍ക്കാരിനു വേണ്ടി കോടതി നടപടികളില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it