ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് കൊച്ചി കപ്പല്‍ശാലയില്‍ ഇന്ന് തറക്കല്ലിടും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് കൊച്ചി കപ്പല്‍ശാലയില്‍ ഇന്ന് തറക്കല്ലിടും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് തറക്കല്ലിടല്‍ നിര്‍വഹിക്കുക. 3200 കോടി രൂപ വിലമതിക്കുന്ന ഇന്ത്യയിലെ വാണിജ്യ കപ്പല്‍നിര്‍മാണ വ്യവസായം കൂടുതലായും ചെറിയ, ഇടത്തരം ഓഫ്‌ഷോര്‍ കപ്പലുകളിലും ചരക്ക് വാഹിനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവില്‍ കൊച്ചി കപ്പല്‍ശാലയില്‍ രണ്ടു ഡ്രൈ ഡോക്കുകള്‍ ഉണ്ട്. 1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മിക്കുന്നത്. ഇതിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവും 9.5 മീറ്റര്‍ ഡ്രൗട്ടുമുണ്ടാവും. കപ്പല്‍ നിര്‍മാണവും അറ്റകുറ്റപ്പണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഡോക്കിന് 600 ടണ്‍ വരെ ഭാരം താങ്ങാനാവും. രാജ്യാന്തര സുരക്ഷ നിലവാരങ്ങള്‍ക്കനുസരിച്ചാവും ഇതിന്റെ നിര്‍മാണം.
ജല സംസ്‌കരണ പ്ലാന്റും ഗ്രീന്‍ ബെല്‍റ്റും ഡോക്കിലുണ്ടാവും. പുതിയ ഡ്രൈ ഡോക്ക് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവികസേനയുടെ വിമാന വാഹിനികള്‍, ഉന്നത നിലവാരത്തിലുള്ള ഗവേഷണ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാനാവും. മെയ് 2021ഓടു കൂടി നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. കൊച്ചി കപ്പല്‍ശാല ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് അഡ്മിനിസ്‌ട്രേഷനു വേണ്ടി നിര്‍മിച്ച രണ്ട് 500 സീറ്റര്‍ പാസഞ്ചര്‍ കപ്പലുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ വച്ചു നടക്കും. ഇതോടൊപ്പം 1557 കോടി രൂപ ചെലവ് വരുന്ന മൂന്നു ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥാപനവും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കണ്ണൂര്‍ തലശ്ശേരിയിലെ എരഞ്ഞോളിയില്‍ നിര്‍വഹിക്കും. 1181 കോടി രൂപ ചെലവില്‍ 18.6 കിലോമീറ്റര്‍ തലശ്ശേരി-മാഹി നാലുവരി ബൈപാസ് (എന്‍എച്ച്66) നിര്‍മാണം, 82 കോടി രൂപ ചെലവില്‍ നീലേശ്വരം ടൗണില്‍ 0.78 കിലോമീറ്റര്‍ നാലുവരി റെയില്‍വേ മേല്‍പ്പാല നിര്‍മാണം, 294 കോടി രൂപ ചെലവില്‍ 46.72 കിലോമീറ്റര്‍ നാട്ടുകല്‍താണാവ് ജങ്ഷന്‍ വീതികൂട്ടല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Next Story

RELATED STORIES

Share it