ഇന്ത്യന്‍ സൈന്യത്തില്‍ താടി വളര്‍ത്തല്‍ നിയമവിരുദ്ധം

കൊച്ചി: ഇന്ത്യന്‍ ആര്‍മിയില്‍ സിക്കുകാര്‍ ഒഴികെയുള്ള മറ്റ് മതവിഭാഗങ്ങളില്‍ പെട്ടവര്‍ താടി വളര്‍ത്തുന്നത് നിയമവിരുദ്ധമെന്ന് ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ഉത്തരവ്. താടി ഒഴിവാക്കണമെന്ന ആര്‍മിയുടെ നിര്‍ദേശം പാലിക്കാത്തതിനാല്‍ സര്‍വീസില്‍ നിന്നു പിരിച്ച് വിട്ടതിനെതിരേ കര്‍ണാടക സ്വദേശി മക്തുഹുസെന്‍ എന്നയാള്‍ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിന്റെ കൊച്ചി റീജ്യ നല്‍ ബെഞ്ചില്‍ നല്‍കിയ പരാതിയിലാണ് ട്രൈബ്യൂണല്‍ അംഗങ്ങളായ ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രന്‍, വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍ എന്നിവരുടെ ഉത്തരവ്.
പരാതിക്കാരന്‍ മുസ്‌ലിമായതിനാല്‍ മതവിശ്വാസത്തിന്റെ പേരില്‍ താടിവളര്‍ത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2001 ഏപ്രില്‍ 11ന് ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചശേഷം തന്റെ പത്തു വര്‍ഷത്തെ സേവനം ത്യപ്തികരമായി നടത്തിയിട്ടുണ്ടെന്നും മതവിശ്വാസത്തിന്റെ ഭാഗമായി നിലവില്‍ തനിക്ക് താടി വളര്‍ത്തണമെന്നാവശ്യപ്പെട്ട് കമാന്‍ഡിങ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചുവെന്നും പരാതിയില്‍ പറയുന്നു.
അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് താടി വളര്‍ത്തിയെങ്കിലും കമാന്‍ഡിങ് ഓഫിസര്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കുകയാണുണ്ടായതെന്നും അതിനാല്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും താടിവളര്‍ത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍, ഡിഫന്‍സ് സര്‍വീസ് റെഗുലേഷന്റെ 665 വകുപ്പനുസരിച്ച് സിക്കുകാര്‍ക്കൊഴികെ മറ്റാര്‍ക്കും താടി അനുവദിക്കില്ലെന്നാണ് ചട്ടം.
മുസ്‌ലിം പുരുഷന്‍മാര്‍ക്ക് താടി വളര്‍ത്തല്‍ സുന്നത്ത് മാത്രമാണ്. ഇത് മതപരമായി നിര്‍ബന്ധമല്ല. മൗലികാവകാശങ്ങളില്‍ പെടുന്നവയുമല്ല. സിക്ക് വിഭാഗക്കാര്‍ക്ക് മാത്രമാണ് നിലവില്‍ താടി വളര്‍ത്തുന്നതിനുള്ള അനുവാദമുള്ളത്. അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായതിനാലാണ്. കര്‍ശനമായി നിയമങ്ങള്‍ പാലിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ഇന്ത്യന്‍ സൈന്യത്തിനിടയില്‍ ഒരു രീതിയിലുമുള്ള വേര്‍തിരിവുകള്‍ പാടില്ല. അതിനാല്‍ താടിവളര്‍ത്തണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നും ഇതിന്റെ പേരില്‍ പരാതിക്കാരനെതിരേ സ്വീകരിച്ച നടപടിയില്‍ ഇടപെടാനാവില്ലെന്നും വ്യക്തമാക്കി ട്രൈബ്യൂണല്‍ പരാതി തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it