Flash News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ : കൊച്ചിയില്‍ നേരിട്ട് കളികാണാന്‍ സാധിക്കുക 39,600 പേര്‍ക്കു മാത്രം



കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പ്് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ ആരാധകര്‍ക്കു നിരാശ സമ്മാനിച്ച് കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 39,600 ആയി നിജപ്പെടുത്തി. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുംദിവസങ്ങളില്‍ അധികൃതര്‍ പുറത്തുവിടുമെന്നാണു വിവരം. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള തീരുമാനമാണ് കാണികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കാരണം. ഫിഫ ലോകകപ്പിന്റെ ഭാഗമായി സ്റ്റേഡിയത്തിലെ മൂന്നു തട്ടുകളിലും കസേരകള്‍ സ്ഥാപിച്ചതോടെ അതിനു തുല്യമായ കാണികളെ പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് അധികൃതര്‍. സുരക്ഷാക്രമീകരണങ്ങളില്‍ ജില്ലാ ഭരണകൂടം വിട്ടുവീഴ്ചകള്‍ക്കില്ലെന്ന് അറിയിച്ചതോടെയാണ് കാണികളുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ തീരുമാനിച്ചത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ കാണികളുടെ ശരാശരി കണക്കില്‍ കൊച്ചിയാണു മുന്നില്‍. ആദ്യ മൂന്ന് സീസണിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ശരാശരി 60,000 പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടില്‍ മല്‍സരം കാണാനെത്തിയത്. എന്നാല്‍, അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ ഭാഗമായി സ്റ്റേഡിയം മുഴുവനും ഇരിപ്പിടം സ്ഥാപിച്ചതോടെ കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഐഎസ്എല്‍ കാണാന്‍ മൂന്നാമത്തെ നിലയിലേക്കും ആളുകളെ പ്രവേശിപ്പിക്കുമെങ്കിലും എണ്ണം 39,600 ആയി നിജപ്പെടുത്തും. നിലവില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ആദ്യമല്‍സരത്തിനുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞു. ഇനി സ്റ്റേഡിയത്തിനു സമീപം സ്ഥാപിക്കുന്ന കൗണ്ടറുകള്‍ വഴിയാവും ടിക്കറ്റുകള്‍ നല്‍കുക. ഇന്നു മുതല്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നാണു വിവരം. കാണികളുടെ എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ടിക്കറ്റ് വിതരണം ആരംഭിക്കാനുള്ള സാധ്യത വിരളമാണ്.
Next Story

RELATED STORIES

Share it