ഇന്ത്യന്‍ ശിക്ഷാനിയമം497 ാം വകുപ്പ് സുപ്രിംകോടതി പുനപ്പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐപിസി) അവിഹിത ലൈംഗികബന്ധം സംബന്ധിച്ച 497ാം വകുപ്പ് സുപ്രിംകോടതി പുനപ്പരിശോധിക്കുന്നു. വിവാഹിതയായ സ്ത്രീ അവിഹിത കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന്‍ മാത്രം കുറ്റക്കാരനും സ്ത്രീ ഇരയും ആവുന്ന  നിയമമാണ് കോടതി പരിശോധിക്കുന്നത്.  ഇത്തരം കേസുകളില്‍ പുരുഷനെ മാത്രം പ്രതിയാക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ 497ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നു സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന് ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഐപിസിയിലെ സെക്ഷന്‍ 497. എന്നാല്‍, ഇങ്ങനെയുള്ള അവിഹിതബന്ധം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ല. ഈ വകുപ്പ് പ്രകാരം സ്ത്രീയെ ശിക്ഷിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍, പുരുഷനെ കുറ്റവാളിയായി പരിഗണിക്കും. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയത്തില്‍ നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാരിനു നോട്ടീസ് അയച്ചു. ഭാര്യമാരെ പുരുഷന്‍ സ്വകാര്യസ്വത്തായി കണ്ടിരുന്ന പഴയകാലത്തുള്ള നിയമമാണിതെന്നും ഇതു പൊളിച്ചെഴുതണമെന്നും ചൂണ്ടിക്കാട്ടി മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹരജിയിലാണു നടപടി.
Next Story

RELATED STORIES

Share it