Flash News

ഇന്ത്യന്‍ റഫറി കോമളീശ്വരന്‍ ശങ്കര്‍, ചരിത്ര നിയോഗത്തിന് 16 വര്‍ഷം

ഇന്ത്യന്‍ റഫറി കോമളീശ്വരന്‍ ശങ്കര്‍, ചരിത്ര നിയോഗത്തിന് 16 വര്‍ഷം
X


ടി പി ജലാല്‍

ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ റഫറിയായത് 2002 ലെ കൊറിയ- ജപ്പാന്‍ ലോകകപ്പിലാണ്. ചെന്നൈ വിരുകമ്പക്കം ഇളങ്കോ നഗറിലെ കോമളീശ്വരന്‍ ശങ്കറാണ് ആ ഭാഗ്യവാന്‍.    2002 ജൂണ്‍ മൂന്നിനായിരുന്നു ആ ചരിത്ര സംഭവം.  ജപ്പാനിലെ നികാത സ്റ്റേഡിയത്തില്‍ 32,239 കാണികള്‍ക്ക മുന്നില്‍ ആ 39 കാരന്‍ കൊടിയുമായെത്തിയപ്പോള്‍ കാണികളൊന്നടങ്കം ആരവം മുഴക്കിയാണ് ശങ്കറിനെ വരവേറ്റത്.  പ്രധാന റഫറിയായി ചൈനയുടെ ലൂചൂന്‍ ഗ്രൗണ്ടിലും തന്റെ എതിര്‍ ഭാഗത്ത് ടുണീസ്യയുടെ തൗഫീഖും അണി നിരന്നപ്പോള്‍ ഗ്രൂപ്പ് ജിയിലെ മെക്‌സിക്കോ- കൊയേഷ്യ മല്‍സരം ഇന്ത്യന്‍ ചരിത്രത്തിലേയും ശങ്കറിന്റേയും മറക്കാനാവാത്ത ഏടുകളിലൊന്നായി.
പിന്നീട്  2002 ജൂണ്‍ 10ന് ഗ്രൂപ്പ് എച്ചിലെ പ്രബലരായ ബെല്‍ജിയവും ടൂണീസ്യയും തമ്മിലുള്ള മല്‍സരത്തിലും ശങ്കര്‍ ലൈന്‍ നിയന്ത്രിച്ചു.  ജപ്പാനിലെ ഓയിറ്റ ബിഗ് ഐ സ്‌റ്റേഡിയമായിരുന്നു വേദി. ആസ്‌ത്രേലിയയുടെ മാര്‍ക്ക് ഷീല്‍ഡ് പ്രധാന റഫറിയും ന്യൂസിലന്‍ഡിലെ പോള്‍ സ്മിത് ഒരു ഭാഗത്തും.  അന്ന് പോരാട്ടം 1-1ന്  അവസാനിച്ചപ്പോഴും ശങ്കറിന് പിഴവുണ്ടായിരുന്നില്ല.  ജൂണ്‍ 12ന് അഞ്ച് ഗോളുകള്‍ വീണ റഷ്യ- ബെല്‍ജിയം പോരാട്ടത്തില്‍ ശങ്കറിന് പിടിപ്പത് പണിയായിരുന്നു.  ബെല്‍ജിയം 3-2ന് വിജയിച്ചു.  അന്ന് 46,640 കാണികളുടെ മുന്നിലുണ്ടായിരുന്നിട്ടും  ശങ്കറിന്റെ തീരുമാനത്തില്‍ ഒരു കടുകിട വ്യത്യാസം പോലുമില്ലായിരുന്നു. ഒരു ഹാഫില്‍ ഇംഗ്ലണ്ടിന്റെ ഫിലിപ് ഷാര്‍പ്പും. ഗ്രൗണ്ടില്‍ ഡന്‍മാര്‍ക്കിന്റെ കിം മില്‍ട്ടണുമായിരുന്നു.
എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. ലോക ഫുട്‌ബോളില്‍ സ്വന്തം പേര് വന്നപ്പോള്‍ അദ് ഭുതമാണുണ്ടായത്. കളി തുടങ്ങിയപ്പോള്‍ എന്റെ ജോലിയിലായിരുന്നു മനസ്സ്  മുഴുവനും. എന്റെ ഒരു ചെറിയ തീരുമാനം പോലും ചോദ്യം ചെയ്യപ്പെട്ടില്ല.  ഇതില്‍ കൂടുതല്‍ എന്തു വേണം. ആദ്യ മല്‍സര ശേഷം ശങ്കറിന്റെ പ്രതികരണം ഇതായിരുന്നു. 2008ല്‍ റഫറിയിങ്ങില്‍ നിന്നും വിരമിച്ച  55 കാരന്‍ ഇപ്പോള്‍ എഎഫ്‌സിയുടെ റഫറിമാരുടെ പരിശീലകനായും ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ റഫറിമാരെ റിക്രൂട്ട് ചെയ്യുന്നതിലും  ശങ്കറിന് പങ്കുണ്ട്.   ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ കഴിവുളള റഫറിമാരുണ്ടെന്നാണ് ശങ്കറിന്റെ അഭിപ്രായം. ഇവര്‍ക്ക് മികച്ച പരിശീലനം കിട്ടിയാല്‍ 2026 ലെ കൊളംബിയ ലോകകപ്പ് നിയന്ത്രിക്കാനാവും.   2019ലെ യുഎഇ ഏഷ്യന്‍ കപ്പിലൂടെ ഇന്ത്യക്ക് ഒന്നാം സ്ഥാനം നേടിയതിന് ശേഷം മാത്രമേ ലോകകപ്പിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാവു.  എഎഫ്‌സി ഓഫീസില്‍ നിന്നും ഈയിടെ  ചെന്നൈയിലെത്തിയ  ശങ്കര്‍ പറഞ്ഞു. ലോകകപ്പിലെ മൂന്ന് മല്‍സരമടക്കം ഫിഫയുടെ 110 കളികളില്‍  ശങ്കറിന്റെ ഫഌഗും വിസിലും  ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it