ഇന്ത്യന്‍ മുജാഹിദീന്‍ മേധാവിയെ ഒരു മാസത്തിനു ശേഷം വെറുതെവിട്ടു

ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ മുജാഹിദീന്‍ തലവനെന്ന് ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത അഹ്മദ് അന്‍സാരിയെ ഒരുമാസത്തിനു ശേഷം തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. സ്വീകാര്യമായ തെളിവുകള്‍ നല്‍കുന്നതില്‍ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ പരാജയപ്പെട്ടതിനാലാണ് അന്‍സാരിയെ വെറുതെവിടുന്നതെന്ന് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി രതീഷ് സിങ് പറഞ്ഞു.
കഴിഞ്ഞമാസം ഏഴിനാണ് അന്‍സാരിയെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിപ്രകാരമാണ് അന്‍സാരിക്കെതിരേ കുറ്റപത്രം തയ്യാറാക്കിയതെന്നാണ് പോലിസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇത്തരം മൊഴികള്‍ കേസിനു മതിയായ തെളിവുകളല്ലെന്നു വ്യക്തമാക്കി 51കാരനായ ഇദ്ദേഹത്തെ വെറുതെവിടാന്‍ ജഡ്ജി ഉത്തരവിടുകയായിരുന്നു.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനായി പാകിസ്താനികള്‍ക്കു പരിശീലനം നല്‍കുന്നത് അന്‍സാരിയാണെന്നായിരുന്നു പോലിസ് ഭാഷ്യം. കുറ്റപത്രത്തില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് ഒരു തെളിവുപോലും കൊണ്ടുവരാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് അന്‍സാരിയുടെ അഭിഭാഷകന്‍ എസ്എം ഖാന്‍ പറഞ്ഞു. 1993ല്‍ മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വച്ച് 1991ലാണ് അന്‍സാരി ആദ്യം അറസ്റ്റിലായത്. പിന്നീട് ഡല്‍ഹി ഹൗറ എക്‌സപ്രസില്‍ ബോംബ് വച്ചെന്ന കുറ്റവും ഇദ്ദേഹത്തിനെതിരേ ചുമത്തുകയുണ്ടായി.
2001ല്‍ ഈ കേസില്‍ പരോളില്‍ കഴിയവെ അന്‍സാരി നേപ്പാളിലേക്കു മുങ്ങിയെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, വ്യാജരേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ട് ഉണ്ടാക്കിയ കേസില്‍ കാഠ്മണ്ഡുവില്‍ വച്ചു പിടിയിലായ അന്‍സാരി കഴിഞ്ഞവര്‍ഷം നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ജയില്‍ തകര്‍ന്നതോടെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ ഉത്തര്‍പ്രദേശില്‍ വച്ചാണ് അറസ്റ്റ്‌ചെയ്തതെന്നാണ് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ പറയുന്നത്.
Next Story

RELATED STORIES

Share it