ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ ആദ്യപടി: കേന്ദ്ര കായികമന്ത്രി



ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി പന്ത് തട്ടാനൊരുങ്ങുന്ന ആതിഥേയരായ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡുമായി കൂടിക്കാഴ്ച നടത്തി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിനൊപ്പമാണ് ഇന്ത്യന്‍ ടീം കായിക മന്ത്രിയെ കണ്ടത്. 2017 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ്. ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പന്ത് തട്ടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഓരോ മല്‍സരവും എന്നെന്നും ഓര്‍മയില്‍ നിലനില്‍ക്കുന്നതാവട്ടെയെന്ന് റാത്തോഡ് ആശംസിച്ചു. ഇന്ത്യയുടെ ഓരോ മല്‍സരവും രാജ്യത്തിന് പ്രചോദനം നല്‍കുന്നതാവട്ടെയെന്നും ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ ആദ്യപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആത്മസമര്‍പ്പണത്തോടെയുള്ള പോരാട്ടം ആതിഥേയര്‍ക്ക് ലോകകപ്പ് നേടിത്തരുമെന്ന് ഇന്ത്യ അണ്ടര്‍ 17 ടീമിന്റെ ഗോള്‍ കീപ്പര്‍ ധീരജ് സിങ് അഭിപ്രായപ്പെട്ടു. ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ കഠിനാധ്വാനം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ധീരജ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it