ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന് നല്ലകാലം വരുന്നു; സേവനങ്ങള്‍ പങ്കുവയ്ക്കാന്‍ വന്‍ ധനകാര്യ സ്ഥാപനങ്ങളെത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസുമായി തങ്ങളുടെ സേവനങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായി അറുപതോളം വന്‍ ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്. ഇടക്കാലത്ത് സാമ്പത്തിക ബാധ്യത തളര്‍ത്തിയിരുന്ന പോസ്റ്റല്‍ സര്‍വീസ് ആധുനീകരിച്ചു ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ പോസ്റ്റല്‍ സര്‍വീസുമായി സഹകരിക്കാന്‍ തയ്യാറാവുന്നത്.
ബാര്‍ക്‌ളേയ്‌സ്, സിറ്റി ബാങ്ക്, ഡ്യുറ്റ്‌സെ ബാങ്ക്, വെസ്‌റ്റേണ്‍ യൂനിയന്‍, വിസ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും രാജ്യത്തിനകത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനല്‍ ബാങ്ക് തുടങ്ങിയവയും പോസ്റ്റ് ഓഫിസുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകബാങ്ക് ശൃംഖലയില്‍ അംഗമായ ഇന്റര്‍ നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനും സന്നദ്ധരായി രംഗത്തുവന്നു. രാജ്യത്തുള്ള ഒന്നരലക്ഷം പോസ്റ്റ് ഓഫിസുകളില്‍ 1.3 ലക്ഷവും ഗ്രാമങ്ങളിലാണു സ്ഥിതിചെയ്യുന്നത്. കംപ്യൂട്ടര്‍വല്‍ക്കരണം, കോര്‍ ബാങ്കിങ്, എടിഎം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് വന്‍ ധനകാര്യസ്ഥാപനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍ മുതലായ സേവനങ്ങള്‍ ഈ പോസ്റ്റല്‍ ശൃംഖലയിലൂടെ നടത്താനാണ് ധനകാര്യ സ്ഥാപനങ്ങള്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തുടനീളം പടര്‍ന്നുകിടക്കുന്ന പോസ്റ്റ് ഓഫിസുകളെ ആധുനികവല്‍ക്കരിച്ചത് ഫലംചെയ്തുവെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പോസ്റ്റ് ഓഫിസിന് ധനകാര്യ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത്.
Next Story

RELATED STORIES

Share it