Flash News

ഇന്ത്യന്‍ പരിശീലകനാവാനൊരുങ്ങി വെങ്കിടേഷ് പ്രസാദും



മുംബൈ: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കിടേഷ് പ്രസാദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചു. രവിശാസ്ത്രി അപേക്ഷ അയച്ചതിന് പിന്നാലെ വെങ്കിടേഷ് പ്രസാദും താല്‍പര്യം പ്രകടപ്പിച്ചതോടെ ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്നത് ബിസിസിഐ ഉപേദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലിക്കും സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വി വി എസ് ലക്ഷ്മണിനും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായും സപോര്‍ട്ടിങ് സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുള്ള വെങ്കിടേഷ് പ്രസാദ് 1990കളില്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റ് മല്‍സരങ്ങളിലും 161 ഏകദിനങ്ങളും കളിച്ച പ്രസാദിന് 96 ടെസ്റ്റ് വിക്കറ്റും 196 ഏകദിന വിക്കറ്റും അക്കൗണ്ടിലുണ്ട്.പരിശീലകനായിരുന്ന അനില്‍ കുംബ്ലെ വിരമിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് വീരേന്ദര്‍ സെവാഗ്, രവി ശാസ്ത്രി, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, ഡോഡ ഗണേശ് എന്നിവര്‍ നേരത്തെ തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇവരെല്ലാം മികച്ച വ്യക്തികളാണെന്നും ഇവരോടൊപ്പം മല്‍സരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ജൂനിയര്‍ നാഷനല്‍ ടീമിന്റെ  ചീഫ് സെലക്ടറായ പ്രസാദിന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ ഈ വര്‍ഷം സപ്തംബറോടെ അവസാനിക്കും. 2016ല്‍ ബിസിസിസിഐ ഉപദേശകനാവാനും പ്രസാദ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it