ഇന്ത്യന്‍ നാഷനല്‍ ലീഗിനുമുണ്ട് മോഹങ്ങള്‍; പക്ഷേ...!

പി സി അബ്ദുല്ല

കാലഗതിയിലെ ചില അനിവാര്യതകള്‍ പ്രഹസനമായി പോവുന്നതിനെയാണ് ചരിത്രം ദുരന്തമെന്ന് വിശേഷിപ്പിക്കുക എന്നാണ് ആപ്തവാക്യം.
ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ പിറവി കേരള രാഷ്ട്രീയത്തിലെ ഒരു അനിവാര്യതയായിരുന്നുവെന്നാണ് അതിന്റെ നേതാക്കള്‍ ഇപ്പോഴും എപ്പോഴും വിശ്വസിക്കുന്നത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ അന്തസ്സും ആഭിജാത്യവും ബാബരി ധ്വംസനത്തിന് കൂട്ടുനിന്ന കോണ്‍ഗ്രസ്സിന് അടിയറ വച്ച് അധികാരത്തോട് ഒട്ടിനിന്ന മുസ്‌ലിംലീഗിനെതിരേ ചരിത്രപരമായ ഒരു ബദല്‍ ന്യൂനപക്ഷ രാഷ്ട്രീയം കെട്ടിപ്പടക്കുക എന്നതായിരുന്നു ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ സ്വപ്‌നവും ഐഎന്‍എല്ലിന്റെ പ്രഖ്യാപിത ലക്ഷ്യവും.
മുസ്‌ലിം രാഷ്ട്രീയം വലതുപക്ഷ ഉപജാപക ഇടങ്ങളില്‍ നിന്നും പറിച്ചെറിയപ്പെടുന്നതും ഇടതു ധാരയ്‌ക്കൊപ്പം കേരള രാഷ്ട്രീയത്തില്‍ നാഷനല്‍ ലീഗ് കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമായി ഇടംനേടുന്നതും അതിന്റെ നേതാക്കള്‍ സ്വപ്‌നംകണ്ടു. ഇടതുസഖ്യം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയാല്‍ പാര്‍ട്ടി രൂപീകരണ സമയത്ത് പേരില്‍ നിന്ന് മുസ്ലിം പോലും ഒഴിവാക്കിയാണ് പാര്‍ട്ടിയുടെ നാമകരണം ചെയ്യപ്പെട്ടതെന്നതും സ്മരണീയം. പക്ഷേ, കാലം നാഷനല്‍ ലീഗിനുമേല്‍ കരുതിവച്ച വിധി മറ്റൊന്നായിരുന്നു.
ഇന്ത്യന്‍ നാഷനല്‍ ലീഗ് കേരള മണ്ണില്‍ പിറന്ന് വീണിട്ട് 22 സംവല്‍സരം പൂര്‍ത്തിയാവുകയാണ്. ഏപ്രില്‍ 24നാണ് ആ പാര്‍ട്ടിയുടെ 23ാം ജന്‍മദിനം. രണ്ട് പതിറ്റാണ്ടും രണ്ട് വര്‍ഷവും പിന്നിട്ട നാഷനല്‍ ലീഗിന്റെ പ്രയാണം കേരള രാഷ്ട്രീയത്തില്‍ എവിടെയെത്തിയെന്നത് പാര്‍ട്ടിയുടെ നേതാക്കളെപ്പോലും കുഴയ്ക്കുന്ന ചോദ്യമാണ്.
1994 ഏപ്രിലില്‍ 24ന് ഡല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ നാഷനല്‍ ലീഗ് ജന്‍മം കൊണ്ടതുമുതല്‍ ഇടതുമുന്നണിയുടെ പടിവാതില്‍ക്കല്‍ പ്രവേശനം കാത്ത് കഴിയുകയാണ്. ഇക്കാലയളവില്‍ കുതികാല്‍വെട്ടിയും മറുകണ്ടം ചാടിയും മറുമുന്നണിയില്‍ നിന്നും എത്തിയ പല പാര്‍ട്ടികള്‍ക്കും ഇടതുമുന്നണിയില്‍ പ്രവേശനവും കസേരയും ലഭിച്ചെങ്കിലും നാഷനല്‍ ലീഗ് ആശയടക്കി കഴിയുന്നു. ഓരോ പഞ്ചായത്ത്-പാര്‍ലമെന്റ്-നിയസഭാ തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഇടതുമുന്നണി നാഷനല്‍ ലീഗിന് പ്രതീക്ഷകള്‍ നല്‍കും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വീണ്ടും പടിക്കുപുറത്തുതന്നെ.
ഐഎന്‍എല്‍ നിലവില്‍ വന്ന ശേഷം 1996 ലാണ് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ചുണ്ടിനും കപ്പിനുമിടയില്‍ നാഷനല്‍ ലീഗിന്റെ മുന്നണി പ്രവേശന മോഹം പൊലിഞ്ഞു. സിപിഎമ്മിന്റെ ഔദാര്യത്താല്‍ ആ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലിന് ഏഴ് സീറ്റ് അനുവദിച്ചെങ്കിലും ഏഴിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങി.
സിപിഎം നേതാക്കളില്‍ പലര്‍ക്കും മുസ്‌ലിംലീഗ് നേതാക്കളുമായുള്ള സൗഹൃദമാണ് ഐഎന്‍എല്ലിനു വിനയായത്. സേട്ടു സാഹിബ് കഴിഞ്ഞാല്‍ പിന്നെ വിശ്വസ്ഥതയുള്ള നേതാക്കള്‍ കുറഞ്ഞതും ക്ഷീണം ചെയ്തു.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴും സിപിഎം നാഷനല്‍ ലീഗിനെ നിര്‍ത്തിയത് വേലിക്കുപുറത്തുതന്നെ. ആ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ ഇടതു സ്വതന്ത്രരായി ഐഎന്‍എല്‍ മല്‍സരിച്ചെങ്കിലും തോല്‍വി തന്നെയായിരുന്നു ഫലം. 2005ല്‍ സേട്ടുസാഹിബിന്റെ നിര്യാണത്തോടെ പാര്‍ട്ടി വീണ്ടും ദുര്‍ബലമായി.
പിറ്റേ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും നാഷനല്‍ ലീഗിന്റെ മുന്നണി പ്രവേശനം നടന്നില്ല. 2006ല്‍ പതിവുപോലെ മൂന്ന് സീറ്റില്‍ ഇടത് സ്വതന്ത്രരായി മല്‍സരിച്ചതില്‍ കോഴിക്കോട് സൗത്തില്‍ പി എം എ സലാം വിജയിച്ചു. ആ വിജയം പക്ഷേ, പാര്‍ട്ടിക്ക് സമ്മാനിച്ചത് അന്തഛിദ്രങ്ങളായിരുന്നു. തന്റെ ഊഴം തീരാറായപ്പോഴേക്കും സലാം ഐഎന്‍എല്‍ വിട്ട് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ലീഗിലേക്ക് തിരച്ചു പോയി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു മുന്നണി ഐഎന്‍എല്ലിനെ ഘടക കക്ഷിയായി അംഗീകരിച്ചില്ല. ഇടത് മുന്നണി കനിഞ്ഞു നല്‍കിയ മൂന്ന് സീറ്റുകളില്‍ ചാവേറാവാനായിരുന്നു ഐഎന്‍എല്ലിന്റെ വിധി.
ഇതിനിടയില്‍ അരങ്ങേറിയ പാര്‍ലമെന്റ്-പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ അണികള്‍ക്കുപോലും തിരിച്ചറിയാനാവാത്തതായിരുന്നു പാര്‍ട്ടിയുടെ നിലപാട്. 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ യുഡിഎഫിനെ പിന്തുണക്കുന്നതും കാണേണ്ടിവന്നു. കഴിഞ്ഞ 22 വര്‍ഷത്തനിടെ ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി ഐഎന്‍എല്ലിനെ പരിഗണിച്ചിട്ടില്ല. 1997ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ തനിച്ച് മല്‍സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയം ഏറ്റുവാങ്ങി പ്രതിഷേധിച്ചു.
ഇത്തവണയും കാഴ്ചകള്‍ വിഭിന്നമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മറുകണ്ടം ചാടി വന്ന കേരളാ കോണ്‍ഗ്രസ്സുകാര്‍ക്കുപോലും അവരാവശ്യപ്പെട്ട നാല് സീറ്റുകള്‍ നല്‍കിയ ഇടതുമുന്നണി പക്ഷേ, നാഷനല്‍ ലീഗിന്റെ രോദനം കേട്ടില്ല. സുരക്ഷിത സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്നതുള്‍പ്പെടെയുള്ള ഭീഷണികള്‍ മുഴക്കിയിട്ടും മുന്‍ തിരഞ്ഞെടുപ്പുകളിലെപ്പോലെ സിപിഎമ്മിന് വേണ്ടാത്ത മൂന്ന് സീറ്റുകള്‍ തന്നെയാണ് നാഷനല്‍ ലീഗിന് അനുവദിച്ചത്.
ഈ മൂന്ന് സീറ്റുകളില്‍ പക്ഷേ, നാഷനല്‍ ലീഗ് വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നെങ്കിലുമൊരിക്കല്‍ ഇടതുമുന്നണി പ്രവേശനം സാധ്യമാവുമെന്നതു പോലെയുള്ള പ്രതീക്ഷകള്‍.
പ്രതീക്ഷകള്‍, അതാണല്ലോ എല്ലാം...!

Next Story

RELATED STORIES

Share it