ഇന്ത്യന്‍ നാവികസേന ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍: എ ആര്‍ കാര്‍വെ

കൊച്ചി: ഇന്ത്യന്‍ നാവികസേന ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ 34 കപ്പലുകളും മുങ്ങിക്കപ്പലുകളും സേനയുടെ ഭാഗമാവുമെന്നും ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശീയമായി നിര്‍മിക്കുന്ന കപ്പലുകള്‍ രാജ്യത്തെ വിവിധ കപ്പല്‍ശാലകളില്‍ നിര്‍മാണ പുരോഗതിയിലാണ്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി ഏറ്റവും കൂടുതല്‍ നടപ്പാക്കുന്നതു നാവികസേനയാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്കൊള്ളക്കാരെ തുരത്താന്‍ കഴിഞ്ഞെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പുരോഗമിക്കുന്ന നാവിക സേനയ്ക്കു വേണ്ടിയുള്ള പുതിയ പടക്കപ്പലായ വിക്രാന്ത് ഉടന്‍ സേനയുടെ ഭാഗമാവും. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചു നിര്‍മാണത്തിനു വേഗം കൂട്ടും. അടുത്തിടെ നിരീക്ഷക വിമാനങ്ങള്‍ തകര്‍ന്നുവീണതു സേനയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ബദല്‍ നിരീക്ഷണ സംവിധാനങ്ങള്‍ സേനയ്ക്കുണ്ടെന്നും ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും ചോദ്യത്തിനു മറുപടിയായി എ ആര്‍ കാര്‍വെ അറിയിച്ചു. തീരദേശ ഏജന്‍സികളുമായി സഹകരിച്ചു തീര നിരീക്ഷണവും പരിശീലന പരിപാടികളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it