Articles

ഇന്ത്യന്‍ ജുഡീഷ്യറിക്കും മതാന്ധതയോ?

അംബിക
മതാന്ധത ബാധിച്ച ഭരണകൂടത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന ഇന്ത്യന്‍ മതേതരത്വം ഒരു പരിധിവരെയെങ്കിലും ജുഡീഷ്യറിയാല്‍ സംരക്ഷിക്കപ്പെടുമെന്നാണു കരുതിയിരുന്നത്. എന്നാല്‍, അത്തരം പ്രതീക്ഷകള്‍ക്കു മുറിവേല്‍പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രിംകോടതിയുടെ തീരുമാനം. 24 വയസ്സുള്ള വിദ്യാസമ്പന്നയായ സ്ത്രീക്ക് സ്വന്തം താല്‍പര്യമനുസരിച്ചു സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശത്തെ വാസ്തവത്തില്‍ നിഷേധിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. തുടര്‍പഠനത്തിനായുള്ള അവസരം കോടതി ഒരുക്കി എന്നതും വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിച്ചു എന്നതും നല്ലകാര്യം തന്നെ. പക്ഷേ, തന്നെ സ്വതന്ത്രയാക്കണമെന്നും ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യത്തെ നിഷേധിച്ചുകൊണ്ടാണ് കോടതി തുടര്‍പഠനത്തിന് അവസരമൊരുക്കിയത്.
സര്‍ക്കാര്‍ ചെലവില്‍ പഠിക്കാനല്ല, ഭര്‍ത്താവിന്റെ കൂടെ നിന്നു തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് അവര്‍ വ്യക്തമാക്കിയത്. പഠനം തുടരാന്‍ താല്‍പര്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്നു മറുപടി നല്‍കി. ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കാനും ഭര്‍ത്താവിന്റെ കൂടെ അവരെ വിടുന്നതു തടയാനും മാത്രമാണ് കോടതി തുടര്‍പഠനത്തെയും തൊഴിലിനെയും കുറിച്ചു പരാമര്‍ശിച്ചത് എന്നതും ശ്രദ്ധേയമാണ്. സ്വന്തം മാനസികാരോഗ്യം തെളിയിക്കാനായി ഏതു പരീക്ഷണത്തെ നേരിടാനും തയ്യാറാണെന്നും അതിനുശേഷമേ താന്‍ എന്തുപറഞ്ഞാലും മറ്റുള്ളവര്‍ വിശ്വസിക്കുകയുള്ളൂ എന്നും മാധ്യമങ്ങളോടു പറയേണ്ടിവരുന്ന ഹോമിയോ ഡോക്ടര്‍ കൂടിയായ ഹാദിയയുടെ മനസ്സിന്റെ പിടച്ചില്‍ അവരുടെ ശബ്ദത്തിലും കണ്ണുകളിലും തുളുമ്പിനിന്നിരുന്നു. അതു പ്രതിഫലിപ്പിക്കാന്‍ അക്ഷരങ്ങള്‍കൊണ്ടാവില്ല. മാധ്യമങ്ങളെ കാണാനും തനിക്കു പറയാനുള്ളതു പങ്കുവയ്ക്കാനും കഴിയുന്നു എന്നതില്‍ ഹാദിയ ആശ്വാസത്തിലാണ്, പുറംലോകവുമായുള്ള ബന്ധം വീണ്ടെടുക്കാനായതിലും.
ഘര്‍വാപസിക്കാരുടെ നിരന്തര മാനസിക പീഡനത്തിന് ഇരയാവേണ്ടിവന്ന കാര്യവും അവര്‍ മാധ്യമങ്ങളോട് തുറന്നുപറയുകയുണ്ടായി. അത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരള പോലിസിന്റെ സുരക്ഷാവലയത്തില്‍ കഴിഞ്ഞിരുന്ന ഹാദിയയെ നിരന്തരമായി മാനസിക പീഡനത്തിനു വിധേയമാക്കാന്‍ ഘര്‍വാപസിക്കാര്‍ക്കു കഴിഞ്ഞു എന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. അതെങ്ങനെ സാധ്യമായി? രാഹുല്‍ ഈശ്വറിന് ഹാദിയയെ കാണാനും അവര്‍ പറഞ്ഞ കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. അതുപോലെ കുമ്മനമടക്കമുള്ളവര്‍ക്ക് അവരുടെ വീട്ടില്‍ പ്രവേശനാനുമതി ലഭിക്കുകയുമുണ്ടായി. അപ്പോള്‍ ഇത്രയും കാര്യങ്ങള്‍ നടന്നത് പോലിസിന്റെ അനുമതിയോടെയും ഒത്താശയോടെയും തന്നെയായിരുന്നു എന്നുവേണമല്ലോ കണക്കാക്കാന്‍. ഹാദിയയുടെ സുരക്ഷാ ചുമതലയില്‍നിന്ന് മുസ്‌ലിം മതവിശ്വാസികളായ പോലിസുകാരെ ഒഴിവാക്കി എന്ന വാര്‍ത്തയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹിന്ദുത്വ വര്‍ഗീയവാദികള്‍ വീട്ടില്‍ത്തന്നെ ഹാദിയയോടൊപ്പം താമസിച്ചാണ് ഉപദേശിച്ചും ശാസിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കോ ഹാദിയയുടെ സുഹൃത്തുക്കള്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ എന്തിന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കുപോലുമോ ഹാദിയയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പോലിസ് അനുമതി നിഷേധിക്കുകയായിരുന്നു. അപ്പോള്‍ ഹാദിയയുടെ ഘര്‍വാപസിക്ക് സംരക്ഷണമൊരുക്കുക എന്നതായിരുന്നുവോ കേരള ഹൈക്കോടതി പോലിസിനെ ഏല്‍പിച്ച ഉത്തരവാദിത്തം? എന്തായാലും പൊതുസമൂഹത്തോട് ഇക്കാര്യം വിശദീകരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം പോലിസിനും പോലിസ് മന്ത്രിക്കും ഉണ്ട്. ആ വിശദീകരണം കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
മറ്റൊന്നുംകൊണ്ടല്ല, സിപിഎം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഹാദിയയെ കാണാനുള്ള അവസരം പിണറായി വിജയന്റെ പോലിസ് നിഷേധിച്ചു എന്നാണല്ലോ നമ്മോടെല്ലാം അവര്‍ പറഞ്ഞത്. ഇതില്‍ വാസ്തവമുണ്ടോ? എന്നാല്‍, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് യാതൊരു തടസ്സവുമില്ലാതെ ഹാദിയയെ കാണാന്‍ പോലിസ് അനുമതി നല്‍കിയതും നാം കണ്ടു. ധാരാളം സമയം ഹാദിയയുമായി സംസാരിക്കുകയും കേരളത്തിലെ മാധ്യമങ്ങളോട് അക്കാര്യങ്ങളെല്ലാം അവര്‍ വിശദീകരിക്കുകയുമുണ്ടായി. അപ്പോള്‍ ഹാദിയയുടെ വീട്ടില്‍ സുരക്ഷയൊരുക്കിയത് ആരുടെ പോലിസാണ്?
എന്തായാലും കേരളത്തിലേതില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് ഹാദിയക്ക് തമിഴ്‌നാട്ടിലുണ്ടായത്. മലയാളികളേക്കാളും കേരളസര്‍ക്കാരിനേക്കാളും എത്രയോ മാന്യമായും മനുഷ്യത്വപരവുമായാണ് സേലം ശിവരാജ് മെഡിക്കല്‍ കോളജ് ഡീന്‍ ജി കണ്ണനും എംഡി കല്‍പന ശിവരാജനും മറ്റ് മാനേജ്‌മെന്റ് അധികൃതരും ഹാദിയയോട് പെരുമാറിയത്. മാധ്യമപ്രവര്‍ത്തകരെ കാണാനും ഫോണില്‍ ഹാദിയക്ക് ഭര്‍ത്താവിനെ ബന്ധപ്പെടാനുമുള്ള അവസരം അവര്‍ ഒരുക്കിക്കൊടുത്തു. അവിടെയും പോലിസ് സംരക്ഷണമുണ്ട്. പക്ഷേ, അത് സ്വന്തം വീട്ടിലുണ്ടായിരുന്നതുപോലുള്ള തടങ്കല്‍ജീവിതമല്ലെന്നതാണ് ഇതുവരെയുള്ള അനുഭവം.
Next Story

RELATED STORIES

Share it