Editorial

അധികാര വികേന്ദ്രീകരണവും പ്രാദേശിക വികസനവും

കേരളത്തില്‍ 1994ലാണ് പഞ്ചായത്തീരാജ് ആക്റ്റ്, മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവ നടപ്പില്‍ വരുത്തിയത്. ഈ നിയമങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് ഈ നിയമങ്ങള്‍ പാസാക്കിയത്. ആളുകള്‍ക്ക് അവരെ പൊതുവില്‍ ബാധിക്കുന്ന കാര്യങ്ങള്‍ ഗ്രാമസഭയില്‍ കൂടിയാലോചിച്ച് പരിഹാരം കാണാന്‍ സാധിക്കുമെന്നാണു സങ്കല്‍പം. അധികാര വികേന്ദ്രീകരണം, പങ്കാളിത്ത ജനാധിപത്യം എന്നിവ നാം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെ സാമൂഹിക പുരോഗതി, വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ കേരളം പല വികസിത രാജ്യങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നു.
എന്നാല്‍, ത്രിതല പഞ്ചായത്ത് സംവിധാനം കാര്യക്ഷമമാവണമെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ കാര്യശേഷിയുള്ളവരും പ്രതിബദ്ധതയുള്ളവരുമാവണം. കൂടാതെ ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വങ്ങളും പ്രാദേശികതലത്തിലുള്ള ജനകീയ കൂട്ടായ്മകളുടെ ഇടപെടലും ആവശ്യമാണ്. പലപ്പോഴും അതുണ്ടാവുന്നില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ അലങ്കാരങ്ങളാണ്. ജില്ലാ-താലൂക്ക് വികസന സമിതികളുടെ മാതൃകയില്‍ തദ്ദേശ ഭരണസമിതികള്‍ക്ക് ദിശാബോധം നല്‍കാനും ശക്തിപകരാനും പഞ്ചായത്ത്/മുനിസിപ്പല്‍ തലത്തില്‍ ഗ്രാമ/നഗര സമിതികള്‍ രൂപീകരിക്കുന്നതു നന്നായിരിക്കും. രാഷ്ട്രീയപ്രതിനിധികള്‍, മുന്‍ വാര്‍ഡ്/കൗണ്‍സില്‍ അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഓരോ പ്രദേശത്തും അനുയോജ്യരായവരെ ഉള്‍പ്പെടുത്തി ഇത്തരം സമിതികള്‍ രൂപീകരിക്കണം.
ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും പൊതുവായും വാര്‍ഡുകളില്‍ പ്രത്യേകമായും നടപ്പാക്കേണ്ട വാര്‍ഷിക പദ്ധതികളും ദീര്‍ഘകാല പദ്ധതികളും മുന്‍കൂട്ടി തയ്യാറാക്കണം. ഒരു നാടിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള പദ്ധതികളായിരിക്കണം തയ്യാറാക്കേണ്ടത്. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്കു പുറമേ ബസ്സ്റ്റാന്റ്, പൊതുമാര്‍ക്കറ്റ്, ശൗചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, പൊതു കളിസ്ഥലങ്ങള്‍ എന്നിവ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്ഥാപിക്കണം. കൂടാതെ നദീസംരക്ഷണം, പൊതുകിണര്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണവും ഉറപ്പാക്കണം. മാലിന്യസംസ്‌കരണത്തിന് തദ്ദേശീയരുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാം. ഉല്‍പാദിപ്പിക്കുന്ന നാടന്‍ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഓരോ നാട്ടിലും നാട്ടുചന്തകള്‍ പുനരാരംഭിക്കാം. കുത്തകകളുടെ കടന്നുകയറ്റം തടയാന്‍ അതുപകരിക്കും. വിളകള്‍ക്ക് ന്യായമായ വില ലഭിക്കുകയും ചെയ്യും.
അതോടൊപ്പം ഓരോ പ്രദേശത്തും അനാഥമായിക്കിടക്കുന്ന ചരിത്ര-സാംസ്‌കാരിക-പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുകയും പുതിയ തലമുറയ്ക്ക് ഇവയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ മുന്‍കൈയെടുക്കണം. പ്ലാസ്റ്റിക്കിന്റെ ദൂഷ്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുകയും പേപ്പര്‍ കവര്‍, തുണിസഞ്ചി തുടങ്ങിയവ പ്രചരിപ്പിക്കുകയും ചെയ്യണം. അടുക്കളത്തോട്ടം, മട്ടുപ്പാവിലെ കൃഷി എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കണം. വാര്‍ഡ്/കൗണ്‍സില്‍ തലങ്ങളിലെ പദ്ധതികള്‍ നടപ്പാക്കാനും വികസനവും വളര്‍ച്ചയും എളുപ്പത്തിലാക്കാനും ഇത്തരം ഇടപെടലുകളിലൂടെ സാധ്യമാവും.
മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് പൂര്‍ണമായി സാക്ഷാല്‍ക്കരിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുകള്‍ പ്രധാനമാണ്. താരതമ്യേന മെച്ചപ്പെട്ട തദ്ദേശ സ്വയംഭരണ വ്യവസ്ഥയുള്ള സംസ്ഥാനത്ത് പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ വേണ്ടത്ര വിജയിച്ചുവോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.
Next Story

RELATED STORIES

Share it