World

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനുള്ള പ്രത്യേക പദവി റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്രകാരന്‍മാരുടെ ഏറ്റവും പഴയ സംഘടനയായ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനുള്ള പ്രത്യേക പദവി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ റദ്ദാക്കി. ചരിത്ര കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തിന് അനുവദിക്കുന്ന ഫണ്ടിന്‍മേലുള്ള പ്രത്യേക അവകാശമാണ് കൗണ്‍സില്‍ റദ്ദാക്കിയത്.
വാര്‍ഷിക സമ്മേളനത്തിന് നിശ്ചിത പരിധിയായ അഞ്ചുലക്ഷത്തില്‍ കൂടുതല്‍ തുക സംഘടനയ്ക്ക് അനുവദിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ സപ്തംബര്‍ 23ന് ചേര്‍ന്ന കൗണ്‍സിലിന്റെ 81ാം ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നനാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് ചരിത്ര കോണ്‍ഗ്രസ്സിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്നത്. ചരിത്ര കോണ്‍ഗ്രസ്സും എന്‍ഡിഎ സര്‍ക്കാരുമായി വളരെ മുമ്പുതന്നെ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.
2001ല്‍ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ 61ാം സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ വാജ്‌പേയി സര്‍ക്കാര്‍ പുരാണൈതിഹ്യങ്ങളും ചരിത്രവും ബന്ധപ്പെടുത്തുന്നതിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക് സര്‍ജറിയും ജനിതക ശാസ്ത്രവും ഗണപതിയുടെയും കര്‍ണന്റെയും കണ്ടുപിടുത്തമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരേ സംഘടന പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.
ചരിത്ര കോണ്‍ഗ്രസിന് ഫണ്ട് അനുവദിക്കുന്നതില്‍ വരുത്തിയ മാറ്റത്തെ ചരിത്ര കോണ്‍ഗ്രസ് സെക്രട്ടറി പ്രഫ. ഇസ്‌റത്ത് ആലം വിമര്‍ശിച്ചു. ചരിത്ര കോണ്‍ഗ്രസിന് ഫണ്ട് നിഷേധിക്കുന്നതിന് കൗണ്‍സിലിനെ പ്രേരിപ്പിച്ചതെന്താണെന്ന് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസ്സിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും പ്രതിഷേധിച്ചു. രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയെ കടിഞ്ഞാണിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതിനു പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it