ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഫെലോഷിപ്പ് പരീക്ഷ നടത്തിയത് കേരളത്തിലെ പ്രളയത്തെക്കുറിച്ച് മനസിലാക്കാതെ

കൊച്ചി: കേരളത്തിലെ പ്രളയത്തെക്കുറിച്ച് മനസിലാക്കാതെയാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ജൂനിയര്‍, സീനിയര്‍ ഫെലോഷിപ്പുകളടക്കമുള്ളവയ്ക്കായി പരീക്ഷ നടത്തിയതെന്ന് ഹൈക്കോടതി വിമര്‍ശനം. പരീക്ഷ രണ്ടോ മൂന്നോ ദിവസം മാറ്റിവെച്ചാലും പ്രശ്‌നമുണ്ടാവുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തില്‍ എത്ര പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നതെന്നും എത്ര ശതമാനം പേര്‍ പരീക്ഷയെഴുതിയെന്നും സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. പ്രളയകാലത്ത് നടത്തിയ പരീക്ഷ റദ്ദാക്കണമെന്നും ഫലപ്രഖ്യാപനം തടയണമെന്നുമാവശ്യപ്പെട്ട് അമല്‍ എന്ന പരീക്ഷാര്‍ഥിയടക്കം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നേരത്തെ ഈ ഹരജിയില്‍ ഹൈക്കോടതി ഫലപ്രഖ്യാപനം സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേരളത്തില്‍ പുനപ്പരീക്ഷ നടത്തേണ്ടി വന്നാല്‍ ഇവിടെ നിന്നുള്ള 11400 പേര്‍ക്ക് വേണ്ടി രാജ്യത്താകമാനമുള്ള 89000 അപേക്ഷകരും ബുദ്ധിമുട്ടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് എറണാകുളം സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. കേരളത്തിലെ വിഷയങ്ങള്‍ ഐസിഎആര്‍ പരിഗണിച്ചിരുന്നു. തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ പരീക്ഷ മാറ്റേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പരീക്ഷക്ക് തയാറാക്കിയിരുന്ന 55 കേന്ദ്രങ്ങളിലും ട്രെയിന്‍ മേഖന എത്താമായിരുന്നു. പരീക്ഷ ദിവസം ട്രെയിന്‍ഗതാഗതത്തിന് തടസമുണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പരീക്ഷ മാറ്റാതിരുന്നത്. തിരുവന്തപുരം കോഴിക്കോട്, മണ്ണുത്തി, കൊച്ചി എന്നീ കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും പരീക്ഷ എഴുതിയാല്‍ മതിയെന്ന് അറിയിച്ചിരുന്നു. അസാധാരണ സാഹചര്യത്തില്‍ ഇഷ്ടമുള്ള സെന്ററുകളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പറുകളും ഒഎംആര്‍ ഷീറ്റുകളും എത്തിച്ചു നല്‍കുകയും ചെയ്തു. വൈകിയെത്തിയവരെ പോലും പരീക്ഷ എഴുതാനനുവദിച്ചു.കേരളത്തില്‍ വീണ്ടും പരീക്ഷ നടത്തണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും വേണ്ടി വരും. ഫലം പുറത്തുവരാനും കൗണ്‍സിലിങിനും സമയം വൈകും. 2018-19 അക്കാദമിക് വര്‍ഷം ആരംഭിക്കാന്‍ ഇനിയും വൈകും. ഇപ്പോള്‍ തന്നെ ഒരു മാസം വൈകി. പ്രവേശന നടപടികള്‍ വൈകുന്നത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 5705 പേരെയും ബാധിക്കുന്നതാണെന്നും ഡോ. എ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it