Business

ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി

ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി
X
bse-1

മുംബൈ: ലോകത്തെ രണ്ടാം സാമ്പത്തിക ശക്തിയായ ചൈന മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെ ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിസൂചികകളും കൂപ്പുകുത്തി. ബോംബെ ഓഹരിസൂചികയായ സെന്‍സെക്‌സ് 1624 പോയിന്റ് ഇടിഞ്ഞ് 25741ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 490 പോയിന്റ് തകര്‍ന്ന് 7809ലും ക്ലോസ് ചെയ്തു. ഇന്നലെ മാത്രം ആറു ശതമാനം താഴ്ചയാണ് വിപണി നേരിട്ടത്. 2009നു ശേഷം ഇത്രയും തകര്‍ച്ച നേരിടുന്നത് ആദ്യമാണ്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സെന്‍സെക്‌സില്‍ ഇടിവുണ്ടായതിലൂടെ നിക്ഷേപകര്‍ക്ക് വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ചയിലെത്തി. ഡോളറിന് 66.66 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍. ചൈന യുവാന്റെ മൂല്യം ഇടിച്ചതിനെ തുടര്‍ന്നാണ് രൂപയ്ക്കും മൂല്യത്തകര്‍ച്ചയുണ്ടായത്. എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പണപ്പെരുപ്പം താഴ്ന്നു നിലനില്‍ക്കുന്നത് നിക്ഷേപകര്‍ക്ക് അനുകൂല ഘടകമാണ്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്നും വേണ്ടിവന്നാല്‍ കരുതല്‍ധനം ഉപയോഗിക്കുമെന്നും ബാങ്ക് മേധാവികളുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ചൈനീസ് ഓഹരികള്‍ തകര്‍ന്നതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ആഗോളവിപണികളില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഫലിച്ചത്. ഷാങ്ഹായ് ഓഹരിവിപണി 8.75 ശതമാനമാണ് ഇന്നലെ മാത്രം തകര്‍ന്നത്. 2007നു ശേഷം ഇത്രയും നഷ്ടം ആദ്യമാണ്. നഷ്ടം മൂന്‍കൂട്ടിക്കണ്ട് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെ യൂറോപ്പ്, ഏഷ്യ വിപണികളും കൂപ്പുകുത്തി. സെന്‍സെക്‌സില്‍ ഊര്‍ജം, ബാങ്കിങ്, ഓട്ടോ, ഐ.ടി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലേയും ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു.

The bronze bull, recently installed outside the Mumbai Stock exchange, is seen in its present position in Mumbai, 31 January 2008. The bronze bull has become controversial with a section of city-based brokers calling on stock exchange authorities to alter the position of the bull, based on superstition and astrological beliefs. Early last week, when the benchmark Sensex saw record intraday falls, retail investors and brokers protested outside the Mumbai stock exchange saying that the bronze bull has brought bad luck, as its posterior pointed towards brokers' offices. AFP PHOTO/ PAL PILLAI

ഒരുവേള സെന്‍സെക്‌സ് 1741 പോയിന്റ് വരെ നഷ്ടം രേഖപ്പെടുത്തിയാണ് അല്‍പ്പം മെച്ചപ്പെട്ട് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിവിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞു. ആഗോളതലത്തില്‍ സ്വര്‍ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ പവന് 80 രൂപ ഉയര്‍ന്നു. യൂറോയുടെയും ജപ്പാന്‍ കറന്‍സി യെന്നിന്റെയും മൂല്യം തകര്‍ന്നതോടെ കയറ്റുമതിയില്‍ നേരിട്ട ഇടിവ് പരിഹരിക്കാനാണ് ചൈന യുവാന്റെ മൂല്യം കുറയ്ക്കാന്‍ തുടങ്ങിയത്.
ഇത് രൂപയടക്കമുള്ള മറ്റു കറന്‍സികളുടെയും മൂല്യത്തകര്‍ച്ചയ്ക്കു കാരണമായെങ്കിലും ഡോളര്‍ കരുത്താര്‍ജിച്ചു. ഇതോടെ യു.എസ്. വിപണികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും ആഗോളസൂചികകളുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി.
Next Story

RELATED STORIES

Share it