kozhikode local

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കേരളാ കാംപസ് സ്ഥാപിക്കും: ഡയറക്ടര്‍

കോഴിക്കോട് : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കേരളാ ക്യാംപസ് വരുന്ന ആഗസ്റ്റിലോ സെപ്തംബറിലോ കോട്ടയത്തെ പാമ്പാടിയില്‍ തുടങ്ങുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജനറല്‍ കെ  ജി സുരേഷ് പറഞ്ഞു.
കോഴിക്കോട്ട് പി വി കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്‌ക്കാര വിതരണവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന മാധ്യമ കേന്ദ്രമായി ഇതിനെ മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദല്‍ഹിയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സൗകര്യങ്ങള്‍ ഇവിടെത്തന്നെ ലഭ്യമാകുന്ന അവസ്ഥ സംജാതമാകും.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനെ യൂണിവേഴ്‌സിറ്റി ആക്കിമാറ്റുവാനുള്ള പദ്ധതി യുജിസിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് നടക്കുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസിനെക്കുറിച്ചും പനിയെക്കുറിച്ചും മലയാള മാധ്യമങ്ങളിലടക്കം വരുന്ന വാര്‍ത്തകള്‍ ഭീതിയുണ്ടാക്കുന്നതാണെന്നും ദല്‍ഹിയില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകുമെന്നും സുരേഷ് പറഞ്ഞു. മാധ്യമങ്ങള്‍ കൂടുതലും സെന്‍സേഷണലിസത്തിന്റെ പാതയിലൂടെയാണ് കൂടുതലും സഞ്ചരിക്കുന്നത്. ചില ഹിന്ദി ചാനലുകളില്‍ സ്ഥിരം ചര്‍ച്ചാ വിഷയമായി പശു മാറുന്ന അവസ്ഥയാണിന്ന്.
എന്നാല്‍ നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് സാധാരണക്കാര്‍ ഇതൊന്നുമല്ല ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കുന്നില്ല. പത്രപ്രവര്‍ത്തന മേഖലയില്‍ എത്തുമ്പോള്‍ തങ്ങളുടെ ആക്ടിവിസം പത്രപ്രവര്‍ത്തകര്‍ മാറ്റിവെക്കണം. എന്നാല്‍ ഇത് പലപ്പോഴും പുതിയ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. തങ്ങളുടെ രാഷ്ട്രീയ വിശ്വാസം പ്രചരിപ്പിക്കുവാനുള്ള മേഖലയായി പല പത്രപ്രവര്‍ത്തകരും തങ്ങളുടെ മേഖലയെ കാണുകയാണ്. പണ്ടെല്ലാം വ്യാജവാര്‍ത്ത എന്നത് ഉത്തരവാദിത്വമില്ലാത്ത മാധ്യമങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നാണ് വെയ്‌പെങ്കില്‍ ഇപ്പോള്‍ മുഖ്യധാരയിലെ വന്‍കിട മാധ്യമങ്ങള്‍ പോലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മത്സരിക്കുകയാണെന്നും സുരേഷ് പറഞ്ഞു. മാധ്യമലോകത്ത് വായന കുറവാണെങ്കിലും എഴുതുന്നത് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ആര്‍.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it