ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്; സ്ഥിരം കാംപസ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

വിതുര: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (ഐസര്‍) വിതുര അടിപറമ്പിലെ സ്ഥിരം കാംപസിന്റെ ഒന്നാം ഘട്ടം കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു. ക്യാംപ് പ്രോഗ്രാമിന്റെ ഭാഗമായി വിദേശത്തു നിന്നുള്ള വിദഗ്ധരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഐസറിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്മൃതി ഇറാനി അറിയിച്ചു.
ഓസ്ട്രിയ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഒന്നുവീതവും അമേരിക്കയില്‍നിന്ന് രണ്ടും ഫാക്കല്‍റ്റി അംഗങ്ങളാണ് ക്യാംപ് പ്രോഗ്രാമിന്റെ ഭാഗമായി ഐസറിലെത്തുക. ഇവരുടെ ആദ്യ സംഘം ഈ വര്‍ഷം ജൂണില്‍ ഐസറിലെത്തും. ഐസറിലേക്കുള്ള റോഡ് നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക രംഗത്തെ പുരോഗതിക്ക് അനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷപ്രസംഗം നിര്‍വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. ഐസര്‍ സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഭാവി വികസനത്തിനും പൂര്‍ണപിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഡോ. എ സമ്പത്ത് എംപി, കെ എസ് ശബരീനാഥന്‍ എംഎല്‍എ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ് എല്‍ കൃഷ്ണകുമാരി, മാനവ വിഭവശേഷി വികസന വകുപ്പിലെ സെക്രട്ടറി വിനയ് ഷീല്‍ ഒബ്‌റോയ്, ഐസര്‍ ഡയറക്ടര്‍ പ്രഫ. വി രാമകൃഷ്ണന്‍, ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ ഡോ. ടെസി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കെമിക്കല്‍ സയന്‍സ് ബ്ലോക്ക്, കാന്റീന്‍ കെട്ടിടം, അഗസ്ത്യ, പൊന്‍മുടി ഹോസ്റ്റല്‍ ബ്ലോക്കുകള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ അഞ്ചാമത്തെ ഐസറാണ് തിരുവനന്തപുരത്തേത്. 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ മാനവശേഷി വികസന മന്ത്രാലയത്തിന് കൈമാറിയ 200 ഏക്കര്‍ ഭൂമിയിലാണ് ഐസര്‍ കാംപസിന്റെ നിര്‍മാണം. ബാക്കിയുള്ള ബ്ലോക്കുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it