World

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരവാദം വളരുന്നതായി മോദി യുഎസ് കോണ്‍ഗ്രസ്സില്‍

വാഷിങ്ടണ്‍: ഭീകരവാദം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നതായും അതിന്റെ നിഴല്‍ ലോകം മുഴുവന്‍ വ്യാപിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കോണ്‍ഗ്രസ്സില്‍. ആഗോളതലത്തില്‍ അത് വലിയ ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ പോള്‍ റിയാന്റെ സ്വാഗതം സ്വീകരിച്ച് യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. യുഎസ് കോണ്‍ഗ്രസ്സിലെ സംയുക്തസമിതിയെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2005നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്നത്.
2008ല്‍ മുംബൈ ആക്രമണ സമയത്ത് യുഎസ് പ്രഖ്യാപിച്ച ഐക്യദാര്‍ഢ്യം മറക്കാനാവില്ലെന്ന് മോദി പറഞ്ഞു. മറ്റേതു രാജ്യത്തേക്കാളും യുഎസുമായി ഇന്ത്യ വ്യാപാരം നടത്തുന്നുണ്ട്. ഇന്ത്യയുടെ ഏതൊരു മേഖല എടുത്തു നോക്കിയാലും യുഎസ് ഒഴിച്ചുകൂടാനാവാത്ത ഒരു അംഗമാണ്. തത്വങ്ങളെ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ സൗരോര്‍ജ സഖ്യം രൂപീകരിക്കാന്‍ ഇന്ത്യക്ക് യുഎസ് നല്‍കിയ പിന്തുണയെയും മോദി പുകഴ്ത്തി. പ്രസംഗത്തിനുശേഷം മോദി കോണ്‍ഗ്രസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മത അസഹിഷ്ണുതയും ന്യൂനപക്ഷങ്ങളുടെ അവകാശലംഘനങ്ങളും, സംഘര്‍ഷാവസ്ഥയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും വൈസ് പ്രസിഡന്റ് ജോയ് ബിഡെനും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.
Next Story

RELATED STORIES

Share it