Flash News

ഇന്ത്യക്കാരി ബുദ്ധി വൈഭവത്തില്‍ ഐന്‍സ്റ്റൈനെ പിന്തള്ളി



ലണ്ടന്‍: ഇന്ത്യന്‍ വംശജയായ പന്ത്രണ്ടുകാരി ബുദ്ധിവൈഭവത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും കടത്തിവെട്ടി വിസ്മയമായി. ബ്രിട്ടനിലെ ചെഷയറില്‍ താമസിക്കുന്ന രാജ്ഗൗരി പവാറാണ് ബുദ്ധിവൈഭവം അളക്കുന്ന (ഐക്യു ടെസ്റ്റ്) പരീക്ഷയില്‍ ഐന്‍സ്‌റ്റൈന്‍, സ്റ്റീഫന്‍ ഹോക്കിങ് എന്നിവരേക്കാള്‍ രണ്ടു പോയിന്റ് കൂടുതല്‍ നേടിയത്. ഇതോടെ, ബുദ്ധിവൈഭവം അളക്കുന്ന ബ്രിട്ടനിലെ മെന്‍സ സൊസൈറ്റിയില്‍ രാജ്ഗൗരിക്ക് അംഗത്വവും ലഭിച്ചു. കഴിഞ്ഞ മാസം മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് മെന്‍സ ഐക്യു പരീക്ഷയില്‍ 162 ഐക്യു പോയിന്റ് നേടി ഒന്നാമതെത്തിയത്. 18 വയസ്സില്‍ താഴെയുള്ള ഒരാള്‍ നേടുന്ന ഏറ്റവും മികച്ച സ്‌കോറാണിത്. 140 പോയന്റാണ് മെന്‍സ പരീക്ഷയില്‍ പ്രതിഭയളക്കുന്നതിനുള്ള അടിസ്ഥാന മാര്‍ക്ക്. 1946ല്‍ സ്ഥാപിതമായ മെന്‍സയുടെ ചരിത്രത്തില്‍ ഇതുവരെ 20,000പേരേ 162 പോയന്റ് നേടിയിട്ടുള്ളൂ. ഓള്‍ട്രിക്കാം ഗ്രാമര്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ഥിനിയാണ് രാജ്ഗൗരി. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകശാസ്ത്രജ്ഞനായ അച്ഛന്‍ ഡോ. സുരാജ്കുമാര്‍ പവാര്‍ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയാണ്. ഐക്യു പരീക്ഷയ്ക്കു മുമ്പ് അല്‍പം ഭയമുണ്ടായിരുന്നതായും എന്നാല്‍, പിന്നീട് എല്ലാം മംഗളമായി അവസാനിച്ചുവെന്നും രാജ്ഗൗരി പറഞ്ഞു. തന്റെ മകളുടെയും അധ്യാപകരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നാണ് രാജ്ഗൗരിയുടെ പിതാവ് സുരാജ് കുമാര്‍ പവാര്‍ പ്രതികരിച്ചത്.
Next Story

RELATED STORIES

Share it