World

ഇന്തോനീസ്യ: ഭൂകമ്പത്തിനിടെ ആയിരത്തിലധികം തടവുകാര്‍ ജയില്‍ചാടി

ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനീസ്യയിലെ സുലവേസി ദ്വീപില്‍ തടവുകാര്‍ കൂട്ടത്തോടെ രക്ഷപ്പെട്ടു. തടവറകളും അതിര്‍ത്തി മതിലുകളും പൊളിഞ്ഞ വിവിധ ജയിലുകളില്‍ നിന്ന് 1200ഓളം തടവുകാര്‍ രക്ഷപ്പെട്ടതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലജയിലുകളിലും കുത്തിനിറച്ചാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. 120 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പാലുവിലെ ഒരു ജയിലില്‍ 581 പേരെയാണ് തടവിലിട്ടിരുന്നത്.
ജയിലിന്റെ മതില്‍ തകര്‍ന്നതോടെ ഇവരില്‍ ഭൂരിപക്ഷം പേരും രക്ഷപ്പെട്ടു. ഭൂകമ്പത്തിനു ശേഷം പാലുവിലും ഡൊങ്കലയിലും ജയിലുകളുടെ പ്രധാന വാതില്‍ പൊളിച്ച് തടവുകാര്‍ രക്ഷപ്പെട്ടോടിയതായും റിപോര്‍ട്ടുണ്ട്. ഡൊങ്കലയിലെ ഒരു ജയില്‍ തടവുകാര്‍ തീയിട്ടു നശിപ്പിച്ചു. ജയിലില്‍ തടവിലുണ്ടായിരുന്ന 343 പേരും രക്ഷപ്പെട്ടു. ഭൂകമ്പത്തിലും സുനാമിയിലും അകപ്പെട്ട കുടുംബത്തിന്റെ വിവരങ്ങള്‍ അറിയാത്തതില്‍ തടവുകാര്‍ രോഷാകുലരായിരുന്നു.
കൊല്ലപ്പെട്ടവരുടെ സംസ്‌കാരത്തിനുള്‍പ്പെടെ ഇവരെ പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതിനിടെ ചില തടവുകാര്‍ ചേര്‍ന്ന് പാലുവില്‍ ജയില്‍ വാര്‍ഡിന് തീയിടുകയായിരുന്നു. തകര്‍ന്ന ജയിലുകളില്‍ ബാക്കിയായ തടവുകാരെ നിയന്ത്രിക്കാന്‍ ഗാര്‍ഡുമാര്‍ ഏറെ പാടുപെടുകയാണെന്നും ജയിലുകളില്‍ ഭക്ഷണ ക്ഷാമമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it