Flash News

ഇന്തോനീസ്യയിലെ ചര്‍ച്ചുകളില്‍ സ്‌ഫോടനം; 13 മരണം

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുരബായയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്കു പരിക്കേറ്റു. ഒരു കുടുംബത്തിലെ ആറുപേരാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. ശരീരത്തില്‍ സ്‌ഫോടകവസ്തു കെട്ടിവച്ച ഇവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പിതാവ് ഒറ്റയ്ക്ക് ഒരു പള്ളിയിലും ഇവരുടെ 18ഉം 16ഉം വയസ്സുള്ള മക്കള്‍ മറ്റൊരു പള്ളിയിലും ഒമ്പതും 12ഉം വയസ്സുള്ള മക്കളുമായി മാതാവ് മൂന്നാമത്തെ പള്ളിയിലും പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങള്‍ നടത്തിയ രക്തസാക്ഷിത്വ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഐഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. പരിക്കേറ്റവരില്‍ രണ്ടു പോലിസുകാരുമുണ്ടെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് പറഞ്ഞു.
പിതാവ് ബോംബ് നിറച്ച കാര്‍ സുരബായ സെന്റര്‍ പെന്തക്കോസ്ത് ചര്‍ച്ചിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അമ്മയും രണ്ടു പെണ്‍കുട്ടികളും ബോംബ് ശരീരത്തില്‍ കെട്ടിവച്ച് ഡിപോനെഗ്രോ ഇന്തോനീസ്യന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലാണ് ആക്രമണം നടത്തിയത്. രണ്ട് ആണ്‍മക്കള്‍ സാന്ത മരിയ കത്തോലിക്കാ പള്ളിയിലേക്ക് മോട്ടോര്‍ സൈക്കിളിലെത്തിയാണ് സ്‌ഫോടനം നടത്തിയത്. ഇന്നലെ രാവിലെ 7.30നായിരുന്നു ഇവിടെ സ്‌ഫോടനം. അഞ്ചു മിനിറ്റിന്റെ ഇടവേളയിലായിരുന്നു മറ്റു രണ്ട് സ്‌ഫോടനങ്ങള്‍. മറ്റു ചര്‍ച്ചുകള്‍ക്കെതിരേയും ആക്രമണശ്രമം നടന്നതായി റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it