Flash News

ഇന്തോനീസ്യന്‍ ഓപണ്‍ : സെയ്‌നയും സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍



ജക്കാര്‍ത്ത: ഇന്ത്യോനീസ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ താരങ്ങളായ സെയ്‌ന നെഹ്‌വാളും പി വി സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡ് താരമായ ചോചുവോങ് പോംപാവിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് പി വി സിന്ധു പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിലെത്തിയത്. സ്‌കോര്‍: 21-12, 21-19. തായ്‌ലന്‍ഡിന്റെ തന്നെ രത്ചനോക് ഇന്റനോനിയെ തോല്‍പിച്ചാണ് സെയ്‌ന കിരീട പ്രതീക്ഷ സജീവമാക്കിയത്. സ്‌കോര്‍: 17-21, 21-18, 21-12. 19കാരിയായ എതിരാളിയെ വിലകുറച്ച് കാണാതെ നാലാം സീഡ് സിന്ധു മുന്നേറിയപ്പോള്‍ കനത്ത ചെറുത്തുനില്‍പ്പുമായി പോംപാവി പൊരുതി. എന്നാല്‍, 33 മിനിറ്റ് മാത്രം നീണ്ടു നിന്ന മല്‍സരത്തില്‍ ലോക മൂന്നാം റാങ്കും ഒളിംപിക്‌സ് വെള്ളിമെഡല്‍ ജേതാവുമായ സിന്ധുവിന്റെ ഊക്കന്‍ ഷോട്ടുകളെ ചെറുക്കാന്‍ പോംപാവിക്ക് സാധിച്ചില്ല. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ ബീവെന്‍ സാങ് ആണ് സിന്ധുവിന്റെ എതിരാളി. 50 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട സെയ്‌ന ശക്തമായ തിരിച്ചുവരവാണ് തുടര്‍സെറ്റുകളില്‍ കാഴ്ചവച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് പത്താം റാങ്കുകാരിലൊരാളെ മുന്‍ ചാംപ്യന്‍ കൂടിയായ സെയ്‌ന പുറത്താക്കുന്നത്. തായ്‌ലന്‍ഡ് ഓപണ്‍ ചാംപ്യയും എട്ടാം റാങ്കുമായ ഇന്റനോനിക്കെതിരേ 7-5ന്റെ മുന്‍തൂക്കമുണ്ട് സെയ്‌നക്ക്. മറ്റൊരു തായ്‌ലന്‍ഡ് താരമായ നിചാവോന്‍ യിന്‍ഡാപോളുമായി പ്രീക്വാര്‍ട്ടറില്‍ സെയ്‌ന ഏറ്റുമുട്ടും. മെന്‍സ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സാത്വിക്- ചിരാഗ് ജോഡി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ഇന്തോനീസ്യന്‍ ജോഡിയായ അല്‍തോഫ് ബാരിക്- റെയ്‌നാഡ് ദന്റിയാനോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 21-9. അതേസമയം, ഇന്ത്യന്‍ മിക്‌സഡ് ഡബിള്‍സ് ജോഡിയായ അശ്വനി പൊന്നപ്പ- ബി സുമിത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ആതിഥേയ ജോഡിയായ ഇര്‍ഫാന്‍ ഫാദില- വെനി അംഗ്രയ്‌നി സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി തോറ്റത്.
Next Story

RELATED STORIES

Share it