Flash News

ഇനി രാഹുല്‍ യുഗം

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 49ാമത് പ്രസിഡന്റായി 47കാരന്‍ രാഹുല്‍ ഗാന്ധി സ്ഥാനമേറ്റു. നീണ്ട 19 വര്‍ഷം പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്ന മാതാവ് 71കാരിയായ സോണിയാഗാന്ധിയില്‍ നിന്നാണ് രാഹുല്‍ അധ്യക്ഷപദം ഏറ്റെടുത്തത്. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ അമരത്തെത്തുന്ന അഞ്ചാമത്തെ ആളാണ് രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലുള്ള എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു രാഹുലിന്റെ സ്ഥാനാരോഹണം. പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിക്ക് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടതിന്റെ സാക്ഷ്യപത്രം കൈമാറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ അതിവിശിഷ്ടമായ ദിനമാണ് ഇതെന്ന് ചടങ്ങില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. രാഹുല്‍ കോണ്‍ഗ്രസ്സിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സംസാരിച്ച സോണിയാഗാന്ധി രാഹുലിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ ആരംഭിച്ചതോടെ സോണിയക്ക് സംസാരം തുടരാനാവാതെ അല്‍പസമയം നില്‍ക്കേണ്ടിവന്നു. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രാഹുല്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ഇന്ത്യയെ 21ാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രാകൃതകാലത്തേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും മോദിയും വെറുപ്പിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നു പറഞ്ഞ രാഹുല്‍, ബിജെപിയെ നമ്മള്‍ അംഗീകരിക്കുന്നില്ലെങ്കിലും അവര്‍ നമ്മുടെ സഹോദരീസഹോദരന്‍മാരാണെന്നും ചൂണ്ടിക്കാട്ടി. ബിജെപി തീയിടുകയും കോണ്‍ഗ്രസ് ആ തീയില്‍ വെള്ളമൊഴിച്ച് അണക്കുകയുമാണ് ചെയ്യുന്നത്. ഇതാണ് ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള പ്രധാന വ്യത്യാസം. അവര്‍ ജനങ്ങളുടെ ശബ്ദത്തെ ഞെരിക്കുകയാണ്, ഞങ്ങള്‍ എല്ലാ ശബ്ദവും അനുവദിക്കുന്നു. അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നു. ഞങ്ങള്‍ ബഹുമാനിക്കുന്നു. ഒറ്റയ്ക്ക് പോരാടാന്‍ സാധിക്കാത്തവര്‍ക്കു വേണ്ടി നാം കൂട്ടായി പോരാടുന്നു. ഞങ്ങള്‍ വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടുന്നത്. ഞങ്ങള്‍ വെല്ലുവിളികളെ സ്‌നേഹവും മമതയും കൊണ്ടാണ് നേരിടുന്നത്. അവര്‍ക്ക് അധികാരശക്തികളെ നിയന്ത്രിക്കാനായേക്കും. എന്നാല്‍, ഞങ്ങളുടെ അടിത്തറ ജനങ്ങളാണെന്നും ബിജെപിയെയും കോണ്‍ഗ്രസ്സിനെയും താരതമ്യം ചെയ്ത് രാഹുല്‍ പറഞ്ഞു. ഞങ്ങളുടേത് ബൃഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. വരുംദിവസങ്ങളില്‍ പാര്‍ട്ടി അതിന്റെ പഴയ യുവത്വം വീണ്ടെടുക്കും. സ്‌നേഹവും അനുകമ്പയുമുള്ള ഇന്ത്യയെ നിര്‍മിക്കാന്‍ താന്‍ രാജ്യത്തെ യുവാക്കളെ ക്ഷണിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ ശക്തമായ തണുപ്പ് വകവയ്ക്കാതെ ഇന്നലെ പുലര്‍ച്ചെത്തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെണ്ടകൊട്ടിയും നൃത്തം ചെയ്തും എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. 2004ല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ രാഹുല്‍ ഗാന്ധി 2007ലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ പാര്‍ട്ടി ഉപാധ്യക്ഷനായി മാറി.
Next Story

RELATED STORIES

Share it