ഇനി മദ്യം വിളമ്പുക 27 പഞ്ചനക്ഷത്ര ബാറുകളിലും 33 ക്ലബ്ബുകളിലും മാത്രം

തിരുവനന്തപുരം: മദ്യനയം സുപ്രിംകോടതി അംഗീകരിച്ചതോടെ സംസ്ഥാനത്ത് മദ്യം വിളമ്പാനുള്ള ലൈസന്‍സുള്ളത് 27 പഞ്ചനക്ഷത്ര ബാറുകള്‍ക്ക്. കൂടാതെ, 270 ബെവ്‌കോ ഔട്ട്‌ലെറ്റിലും കണ്‍സ്യൂമര്‍ഫെഡിന്റെ 36 ഔട്ട്‌ലെറ്റിലും മദ്യം ലഭിക്കും. 33 ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 806 ബിയര്‍ പാര്‍ലറുകള്‍ക്കാണ് നിലവില്‍ ലൈസന്‍സുള്ളത്.
2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്നത് 740 ബാറുകളായിരുന്നു. ഇവയില്‍ 10 എണ്ണം അടച്ചിട്ടിരിക്കുകയായിരുന്നു. മദ്യനയം അനുസരിച്ച് 2014 മാര്‍ച്ച് 31നു പൂട്ടിയത് 418 ബാറുകളാണ്. 2014 സപ്തംബറില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായി.
എന്നാല്‍, ലൈസന്‍സ് പുതുക്കി നല്‍കിയ 312 ബാറുകള്‍ പൂട്ടുന്നത് താല്‍ക്കാലികമായി തടഞ്ഞ് സുപ്രിംകോടതി ഉത്തരവിറക്കി. 2014 ഒക്ടോബര്‍ 30നു മദ്യനയം ഹൈക്കോടതി അംഗീകരിച്ചതോടെ 250 ടൂസ്റ്റാര്‍-ത്രീസ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് കൂടി റദ്ദായി. പൂട്ടിയ 250 ബാറുകളും തുറക്കാന്‍ 2014 ഒക്ടോബര്‍ 31നു കോടതിവിധി ഉണ്ടാവുകയും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു. പിന്നീട് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ 12 ബാറുകള്‍ തുറന്നു.
മാര്‍ച്ച് 31നു പഞ്ചനക്ഷത്രത്തില്‍ താഴെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ശരിവച്ചതിനു പിന്നാലെ 300 ബാറുകള്‍ക്കുകൂടി പൂട്ടു വീണു.
Next Story

RELATED STORIES

Share it