Idukki local

ഇനി പുകയില്ല; ആദ്യ പുകരഹിത പഞ്ചായത്തായി കാഞ്ചിയാര്‍

കട്ടപ്പന: സംസ്ഥാനത്തെ ആദ്യ പുക രഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും പാചക വാതക കണക്ഷന്‍ എത്തിച്ച ശേഷമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ പുക രഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ വര്‍ഷംതോറും പുക വായു ശ്വസിക്കുന്നതിലൂടെ 40 ലക്ഷം ആളുകള്‍ രോഗികളാകുന്നതായും ഇതില്‍ 10 ലക്ഷത്തോളം പേര്‍ മരിച്ചതായും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നടത്തിയിട്ടുള്ള സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പുക ശ്വസിക്കുന്നതിലൂടെ സ്ത്രീകളും വീട്ടില്‍ കഴിയുന്ന വൃദ്ധരുമാണ് രോഗികളായി മാറുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ പുക ശ്വസിക്കുന്നതിലൂടെ നിരവധി കുട്ടികള്‍ അംഗവൈകല്യമുള്ളവരായി ജനിക്കുന്നതായും സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് ഐഒസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുരളി ശ്രീനിവാസന്‍ പറഞ്ഞു. റോഷി അഗസ്റ്റിന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൂറിസത്തിലൂടെ മികച്ച പഞ്ചായത്തെന്ന ബഹുമതി നേടാന്‍ കാഞ്ചിയാര്‍ പഞ്ചായത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുരുളിയില്‍ നിന്ന് ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവിടങ്ങളിലേക്ക് ബോട്ട് സര്‍വീസ്, ബോട്ട് യാത്രയിലൂടെ എളുപ്പമാര്‍ഗത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന പാത എന്നിവ ഉള്‍പ്പെടെ ഒട്ടനവധി വികസന സാധ്യതകളുണ്ട്. ഇതിനായി പ്രാഥമിക നടപടി ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു.
കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സിറിയക് തോമസ്, വിജയകുമാരി ജയകുമാര്‍, കാഞ്ചിയാര്‍ രാജന്‍, കെ.എന്‍. ബിനു, തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, ഫാ. ജോബി ചുള്ളിയില്‍, വി.ആര്‍. ശശി, മീര നായര്‍, ദീപ വിഷായി, കൃഷ്‌ണേന്ദു മുഖര്‍ജി, മധു ബാലാജി, സാവിയോ പള്ളിപ്പറമ്പില്‍, കെപിഎം സുനില്‍, ഇന്ദു സാബു, ലിസി പൂമറ്റം, പി ടി ഷൈലജ സംസാരിച്ചു.
Next Story

RELATED STORIES

Share it