Editorial

ഇനി ജിസിസിക്ക് എന്ത് പ്രസക്തി?

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക-രാഷ്ട്രീയ സഹകരണത്തിനായി 1981ല്‍ രൂപീകരിക്കപ്പെട്ട ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍ മരണശയ്യയിലാണോ? ചൊവ്വാഴ്ച സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും അബൂദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദും ഒപ്പുവച്ച പുതിയ സഹകരണ കരാര്‍ അതാണ് സൂചിപ്പിക്കുന്നത്. ജിസിസി ഉച്ചകോടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ച കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തിപ്പെട്ടിരുന്ന സൈനിക-രാഷ്ട്രീയസഖ്യത്തിന് അടിവരയിടുന്നു. നേരത്തെത്തന്നെ, ഏകാധിപതികളുടെ പരസ്പര സംരക്ഷണസഖ്യം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കൗണ്‍സിലിന് ഇല്ലാത്തതിനാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അപ്രതീക്ഷിതമായിരുന്നില്ല എന്നു പറയാം. ഒമാന്‍, ബഹ്‌റയ്ന്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നു വ്യക്തമായിട്ടില്ല. സൗദി അറേബ്യയും യുഎഇയും ജൂണില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച അന്നുതൊട്ടേ ജിസിസി അറബ് ലീഗ് പോലെ വെറുമൊരു കടലാസു സംഘടനയായി മാറുമെന്ന ഭയം പലരും പ്രകടിപ്പിച്ചിരുന്നു. അബൂദബിയിലെ കിരീടാവകാശിയായ മുഹമ്മദും സൗദി അറേബ്യയില്‍ കൊട്ടാരവിപ്ലവത്തിലൂടെ അധികാരം കൈക്കലാക്കിയ മുഹമ്മദ് ബിന്‍ സല്‍മാനും കെട്ടിപ്പടുക്കുന്ന പുതിയ സൗഹൃദത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതോടെ ഖത്തറിനെതിരായ ഉപരോധത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്തെന്നു വ്യക്തമായിരുന്നു. ഇരുകൂട്ടരും ചേര്‍ന്നു സമീപകാലത്തു നടത്തിയ നീക്കങ്ങളൊക്കെ അറബ് ലോകത്ത് പൊതുവില്‍ വലിയ എതിര്‍പ്പിനു കാരണമായിരുന്നു. യമനിലും സിറിയയിലുമുള്ള സൈനികനീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് സൗദി അറേബ്യയും യുഎഇയുമാണ്. പരമദരിദ്രരായ യമനികളെ കടുത്ത പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടുവെന്നതില്‍ കവിഞ്ഞു യമനിലെ സൈനികാക്രമണം കൊണ്ട് ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങളൊന്നുമുണ്ടായില്ല. മുന്‍ ഏകാധിപതി അബ്ദുല്ല സാലിഹിന്റെ മരണത്തോടെ യമന്‍ കൂടുതല്‍ സംഘര്‍ഷഭരിതമായി. സിറിയയിലാവട്ടെ, റഷ്യന്‍ സഹായത്തോടെ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സിറിയന്‍ ജനതയുടെ പ്രക്ഷോഭത്തെ തച്ചുതകര്‍ക്കുകയായിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ മാത്രമാണ് സൗദി-യുഎഇ ഇടപെടല്‍ സഹായകമായത്. ഉപരോധത്തിന്റെ ഇരയായി മാറിയ ഖത്തര്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍പക്ക രാഷ്ട്രങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയും സാമ്പത്തിക ശേഷിയുപയോഗിച്ച് ഉപരോധം ഏറക്കുറേ മറികടക്കുകയും ചെയ്യുന്നതിന്റെ സൂചനകളുണ്ട്. കുവൈത്ത് സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തതിനാല്‍ ബഹ്‌റയ്‌നും സൗദി അറേബ്യയും യുഎഇയും അത് ബഹിഷ്‌കരിക്കുകയും തുടര്‍ന്നു സമ്മേളനം രണ്ടു ദിവസമായി ചുരുക്കുകയും ചെയ്തു. ഇറാനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പിന്തുണയോടെ പ്രകോപനപരമായ നീക്കങ്ങള്‍ക്കാണ് രണ്ടു കിരീടാവകാശികളും ഒരുങ്ങുന്നതെന്നാണ് വ്യക്തമാവുന്നത്. അതിനു വേണ്ടി മാത്രമാണ് പുതിയ സഖ്യം. ഗള്‍ഫ് മേഖല വീണ്ടും വന്‍ശക്തികളുടെ കളിയരങ്ങായി തുടരുമെന്ന കാര്യം ഏതായാലും ഉറപ്പായി.
Next Story

RELATED STORIES

Share it