malappuram local

ഇനി കലയുടെ മേളപ്പെരുക്കം

തേഞ്ഞിപ്പലം: 30ാമത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോല്‍സവം കാലിക്കറ്റ് സര്‍വകലാശാല കാംപസിലെ ജിഎംഎച്ച്എസ്എസ് സ്‌കൂളില്‍ തുടങ്ങി. ഇന്നലെ വൈകീട്ട് പി അബ്ദുല്‍ ഹമീദ് എംഎല്‍എ കലോല്‍സവം ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡിഡിഇ സി ഐ വല്‍സല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, പ്രഫ. എ പി അബ്ദുല്‍ വഹാബ്, എം വിജയന്‍, രാജേഷ് ചാക്യാടന്‍, എ കെ അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ കലാം, ഹസൈന്‍ സംസാരിച്ചു. കഥകളി, ചവിട്ടു നാടകം, യക്ഷഗാനം, ബാന്റ് മേളം എന്നീ ഇനങ്ങളിലായിരുന്നു ഉദ്ഘാടന ദിനത്തിലെ മല്‍സരങ്ങള്‍. വേദി പത്തില്‍ ഉച്ചയ്ക്ക് 12ന് തുടങ്ങേണ്ട ചവിട്ടുനാടകം രണ്ടിനാണ് തുടങ്ങിയത്. ആദ്യ ദിനത്തില്‍ തന്നെ ചവിട്ടു നാടക വേദിയില്‍ സംഘര്‍ഷമുണ്ടായത് അധ്യാപകരായ സംഘാടകരെ പരിഭ്രാന്തരാക്കി. മലപ്പുറം സെന്റ് ജെമ്മാസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളായിരുന്നു സ്റ്റേജില്‍ ആദ്യമായി ചവിട്ടു നാടകം അവതരിപ്പിക്കാനെത്തിയത്.
20 മിനിട്ട് നീണ്ടുനില്‍ക്കുന്ന ചവിട്ടു നാടകത്തില്‍ പത്ത് മിനുട്ടിനുള്ളില്‍ മൈക്ക് ഓപറേറ്ററുടെ അടുത്തുള്ള സിഡി പ്ലയര്‍ തകരാറിലായി.
രണ്ടു തവണ കളിയുടെ ഇടക്കുവച്ച് പാട്ട് പുറത്തുവരാതെ തന്നെ കുട്ടികള്‍ കളിച്ചു. വീണ്ടും സിഡി പ്ലയര്‍ പ്രവര്‍ത്തനം നിലച്ചതോടെ അധ്യാപകരും രക്ഷകര്‍ത്താക്കളും ക്ഷുഭിതരായി രംഗത്തെത്തി. ഇതിനിടയില്‍ സ്റ്റേജില്‍നിന്നു കുട്ടികള്‍ കരഞ്ഞ് താഴെ ഇറങ്ങി. ഇവര്‍ക്കു വീണ്ടും അവസരം നല്‍കാതെ വേദിയില്‍ മല്‍സരം നടത്താന്‍ അനുവദിക്കില്ലെന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തിനു മുന്നില്‍ അധികൃതര്‍ കുരുക്കിലായി. പ്രോഗ്രാം കമ്മിറ്റി അടിയന്തര ഇടപെടല്‍ നടത്തി അരമണിക്കൂറിനുള്ളില്‍ ഇതേ സ്‌കൂളിനു വീണ്ടും വേദിയില്‍ അവസരം നല്‍കി.
നാലു വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് എ ഗ്രേഡ് ലഭിച്ച ചവട്ടു നാടകത്തിന്റെ പരിശീലകനായ അനിരുദ്ധനും സംഘാടകര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി. സ്റ്റേജില്‍ വെളിച്ചമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയില്ലെന്നും രക്ഷിതാക്കളും അധ്യാപകരും വിധി കര്‍ത്താക്കളും അഭിപ്രായപ്പെട്ടു.
വണ്ടൂര്‍ സബ്ജില്ലയില്‍നിന്ന് 58ല്‍ 26 അപ്പീലുകളും മലപ്പുറത്തുനിന്ന് 168ല്‍ 66 എണ്ണവും തിരൂരങ്ങാടിയില്‍നിന്ന് 94ല്‍ 17 എണ്ണവും തിരൂരില്‍നിന്ന് 117ല്‍ 35 എണ്ണവുമുള്‍പ്പെടെ 144 അപ്പീലുകള്‍ അനുവദിച്ചു. പത്ത് ശതമാനത്തിലധികം അപ്പീലുകള്‍ അനുവദിക്കരുതെന്ന നിര്‍ദേശമുള്ളതിനാലാണ് 700 അപ്പീലുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് 144 എണ്ണത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മുന്നൂറിലധികം ഇനങ്ങളില്‍ പ്രഗത്ഭരായ വിധികര്‍ത്താക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത ഇനങ്ങളില്‍ ആയിരത്തിലധികം ട്രോഫികളാണ് സംഘാടക സമിതി തയ്യാറാക്കിയിട്ടുള്ളത്. ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരിലുള്ള ട്രോഫി ഉള്‍പ്പെടെ നിരവധി ഓവറോള്‍ റോളിങ് ട്രോഫികളുമുണ്ട്. കൂടുതല്‍ പോയിന്റ് നേടുന്ന സബ്ജില്ലക്കായി സീനത്ത് ടെക്‌സ്റ്റയില്‍സിന്റെ പടുകൂറ്റന്‍ ട്രോഫിയും കാംപസിലെത്തി. പി അബ്ദുല്‍ ഹമീദ് എംഎല്‍എ കലോല്‍സവ നഗരിയില്‍ പാല്‍കാച്ചല്‍ നടത്തി. വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച തേങ്ങയും പച്ചക്കറിയുമുള്‍പ്പെടെ കെ മുഹമ്മദ് ബഷീറില്‍നിന്ന് അഡ്വ. എം ബി ഫൈസല്‍ ഏറ്റുവാങ്ങി. പ്രധാന വേദികളെല്ലാം ഇന്നലെ കാലിയായിരുന്നു. വാഴ്‌സിറ്റി കാംപസ് ഹൈസ്‌കൂള്‍ ബാന്റ് മേള മല്‍സരത്തിന്ന് സൗകര്യമുണ്ടായിട്ടും പ്രധാന വേദിയില്‍നിന്ന് അരകിലോമീറ്ററിലധികം ദൂരമുള്ള സെന്റ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയത് വിമര്‍ശനത്തിനിടയാക്കി. കലോല്‍സവ നഗരിയിലെ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ പുനരുദ്ധരിച്ച മുഖ്യകവാടം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ 33 പേര്‍ സമാഹരിച്ച രണ്ടര ലക്ഷം രൂപ കൊണ്ടാണ് പുതിയ ഗേറ്റ് നിര്‍മിച്ചത്.
Next Story

RELATED STORIES

Share it