Flash News

ഇനി എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍



ന്യൂഡല്‍ഹി: എല്ലാ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി തീരുമാനിച്ചു. ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന രസീത് നല്‍കുന്ന സംവിധാനമാണ് വിവിപാറ്റ്. ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കമ്മീഷന്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കാന്‍  തീരുമാനിച്ചിരുന്നു. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും പിന്നാലെ ഹിമാചല്‍പ്രദേശിലും മധ്യപ്രദേശിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. ജമ്മു കശ്മീരിലും മലപ്പുറത്തെ വേങ്ങരയിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഉപയോഗിക്കുമെങ്കിലും ഒരു സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനു മൊത്തം വിവിപാറ്റ് ഉപയോഗിക്കുന്നത് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലാവും. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ചു നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ അപ്രതീക്ഷിത വിജയമാണ്, വോട്ടിങ് യന്ത്രത്തില്‍ അട്ടിമറിനടത്തിയെന്ന സംശയം ശക്തമാക്കിയത്. ഇതിനു പിന്നാലെ ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. പഴയ ബാലറ്റ് പേപ്പര്‍ സംവിധാനം വേണമെന്നായിരുന്നു വിവിധ പാര്‍ട്ടികളുടെ ആവശ്യമെങ്കിലും വിവിപാറ്റ് സംവിധാനം നടപ്പാക്കാമെന്ന് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. വിവിപാറ്റ് സംവിധാനം ഉറപ്പാക്കുന്നതിന് 3174 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനും ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കും വിവിപാറ്റ് യന്ത്രങ്ങളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയിട്ടുണ്ട്. ആകെ 16.15 ലക്ഷം യന്ത്രങ്ങളാണ് വേണ്ടത്. ഒരാള്‍ വോട്ട്‌ചെയ്യുമ്പോള്‍, ആര്‍ക്കാണ് വോട്ട്‌ചെയ്തതെന്നു രേഖപ്പെടുത്തിയ സ്ലിപ് പ്രിന്റ്‌ചെയ്തു പുറത്തുവരുന്ന വിധത്തിലാണ് വിവിപാറ്റിന്റെ പ്രവര്‍ത്തനരീതി. വോട്ടര്‍ക്ക് ഇതു പരിശോധിച്ച് തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. തുടര്‍ന്ന് ഈ സ്ലിപ്പ് പോളിങ്ബൂത്തിലെ പെട്ടിയില്‍ നിക്ഷേപിക്കും. വോട്ടെണ്ണലില്‍ സ്ഥാനാര്‍ഥികള്‍ക്കു സംശയം ഉണ്ടെങ്കില്‍ പെട്ടി തുറന്ന് സ്ലിപ് എണ്ണി നോക്കാവുന്നതാണ്.
Next Story

RELATED STORIES

Share it