ഇനിയൊരു ജിഷ ഉണ്ടാവില്ല: പിണറായി

ചേര്‍ത്തല: ഇനിയൊരു ജിഷ ഉണ്ടാവില്ലെന്നും കൈയൂക്കുകൊണ്ട് കാര്യം നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു നടപ്പില്ലെന്നും പിണറായി വിജയന്‍. നിയുക്ത മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തും. ജിഷയ്ക്ക് ഉണ്ടായതുപോലെയുള്ള ദുരന്തം ഇനി ഒരു സ്ത്രീക്കും ഉണ്ടാവാന്‍ അനുവദിക്കില്ല. യുവാക്കള്‍ തൊഴില്‍ ഇല്ലാതെ വിഷമിക്കുകയാണ്. പുതിയ സര്‍ക്കാര്‍ 25 ലക്ഷം പേര്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാവില്ല. ഏതിന്റെ മറവില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും നടപടി സ്വീകരിക്കും. ഏതിന്റെയെങ്കിലും പേരി ല്‍ ഉത്തരവാദിത്തം നിറവേറ്റാത്തവര്‍ സ്വാഭാവികമായും അതിന്റെ ഫലം അനുഭവിക്കേണ്ടിയുംവരും. നിലവില്‍ ക്രിമിനലുകളും ഗുണ്ടകളും അഴിഞ്ഞാടുകയാണ്. പുതിയ സര്‍ക്കാര്‍ ഇവരെ അടിച്ചമര്‍ത്തും. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമായാവും സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.
വയലാറിലെത്തിയ നിയുക്ത മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആദ്യം വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി കെ മേദിനിയുടെ വിപ്ലവഗാനത്തോടെയാണു സമ്മേളനം ആരംഭിച്ചത്.
പിണറായി വിജയന്റെ ജന്‍മദിനം പ്രമാണിച്ച് സമ്മേളനത്തി ല്‍ എത്തിയവര്‍ക്ക് ലഡു വിതരണം നടത്തി.
Next Story

RELATED STORIES

Share it