Flash News

ഇനിയൊരു കെജരിവാള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു: അണ്ണാ ഹസാരെ

ഇനിയൊരു കെജരിവാള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു: അണ്ണാ ഹസാരെ
X
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു അരവിന്ദ് കെജ്‌രിവാള്‍ കൂടി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് ഹാസാരെയുടെ  പ്രതികരണം.



2011ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന കെജ്‌രിവാള്‍ പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹസാരെയുടെ പ്രതികരണം.
മാര്‍ച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു.
ജനലോക്പാല്‍ബില്‍ നിയമമാക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ കുറ്റപ്പെടുത്തി.
യഥാര്‍ഥ അര്‍ഥത്തിലുള്ള ജനാധിപത്യം ഇനിയും ഇന്ത്യയില്‍ സംജാതമായിട്ടില്ലെന്നും മുതലാളികളുടെ സര്‍ക്കാരിനെയല്ല ആവശ്യമെന്നും ഹസാരെ പറഞ്ഞു. കര്‍ഷക താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it