kozhikode local

ഇനിയും വേണോ ഈ പേര്

കോഴിക്കോട്: 1949 ഒക്ടോബര്‍ 29 കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഒരു പ്രമേയം അംഗീകരിച്ചു. മലബാറില്‍ ഒരു ടിബി സാനിട്ടോറിയം പണിയണമെന്നതായിരുന്നു പ്രമേയത്തിലെ ആവശ്യം. നാടൊട്ടുക്ക് ക്ഷയരോഗം പടര്‍ന്നു പിടിച്ച വേളയായിരുന്നു അത്. റിട്ട. ജസ്റ്റിസ് പി ഗോവിന്ദമേനോന്‍ മു നിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. അങ്ങിനെ പിറന്നതാണ് ഫ്രാന്‍സിസ് റോഡിലെ ടിബി ക്ലിനിക്.
ടിബി ക്ലിനിക് നടത്തുകയെന്ന മാതൃകാപരമായ പൊതുജനസേവനം കേരളത്തില്‍ ആരോഗ്യരംഗത്ത് മറ്റൊരു നഗരസഭകളിലും ഇല്ലായിരുന്നു. ക്ലിനിക്കിന്റെ ലക്ഷ്യം സാധാരണക്കാ ര്‍ക്ക് നല്ല രീതിയില്‍ ചികില്‍സ നല്‍കി ക്ഷയരോഗം എന്ന മഹാവ്യാധിയെ ഇവിടെ നിന്നും ഒഴിവാക്കുക എന്നതായിരുന്നു. ഈ ടിബി ക്ലിനിക്കിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ധനശേഖരണത്തിനായി ഒരു സ്വദേശി പ്രദര്‍ശനവും മറ്റു വിനോദ പരിപാടികളും നടത്താനും കൗണ്‍സി ല്‍ അംഗീകാരം നല്‍കി. 1950ല്‍ ഏപ്രില്‍ മാസത്തില്‍ സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തില്‍ ഇങ്ങിനെ കോഴിക്കോടിന്റെ വേനല്‍ക്കാല ആഘോഷമാക്കി എക്‌സിബിഷന്‍ വന്നു.
ഇതാണ് വര്‍ഷങ്ങളോളം നടന്നു പോന്നിരുന്ന ആരോഗ്യ വിദ്യാഭ്യാസ-വ്യവസായ പ്രദര്‍ശനം. ഈ പ്രദര്‍ശനം ഇപ്പോള്‍ നടക്കാറില്ല. ടിബി രോഗം വരുതിയിലായി. ടിബി ക്ലനിക്കിന് പേര് ഇന്നും അതു തന്നെ 70-71ല്‍ 11, 835 പേര്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയതായി പഴയ കണക്കുകള്‍ പറയുന്നു. ഇവരില്‍ 1,184 പേരും ക്ഷയരോഗത്തിന് ചികില്‍സ തേടിയവര്‍. 479 പുരുഷന്‍മാര്‍, 194 സ്ത്രീകള്‍, 491 കുട്ടികള്‍ രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത് അക്കാലത്തെ ക്ഷയരോഗത്തിന്റ പടര്‍ന്നു കയറ്റമാണ്. ഫ്രാന്‍സിസ് റോഡിലെ പഴക്കമേറിയ കെട്ടിടത്തിലെ ടിബി ക്ലിനിക്കിന്റെ കഥയാണിത്.
കഥ പറയാനും ഒരു കാരണമുണ്ട്. ഇന്നും ആ ആരോഗ്യ കേന്ദ്രത്തിന്റെ പേര് ടിബി ക്ലിനിക്ക് എന്നാണ്. ഈ പേര് തന്നെ മാറ്റണം ആദ്യം. ഇവിടെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 'നല്ല ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലായി ഇതിനെ ഉയര്‍ത്തണം. ശ്വാസകോശ രോഗത്തിന് ഒരാശ്വാസ കേന്ദ്രമാക്കി ഇവിടം മാറണം. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസം ജില്ലാ ടിബി ഓഫിസര്‍ ഡോ. പി പി പ്രമോദ്കുമാര്‍ ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ട് ആവശ്യം സമര്‍പ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ ക്ലിനിക്കില്‍ മെച്ചപ്പെട്ട അത്യാധുനിക ഉപകരണങ്ങളുണ്ട്. മികച്ച ലബോറട്ടറി, ആധുനിക രീതിയിലുള്ള എക്‌സ്‌റേ സംവിധാനം തുടങ്ങിയവ. ഈ രംഗത്ത് പ്രഗല്‍ഭരായ ഡോ. വിപിന്‍വര്‍ക്കിയും ഡോ. ജമാല്‍ മുഹമ്മദും ഇപ്പോള്‍ ഇവിടെ സേവനരംഗത്തുമുണ്ട്. സാധാരണക്കാരന് ഏറെ ഗുണം ചെയ്യുന്ന ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍' ആയി ഉയര്‍ത്താനാവട്ടെ പുതിയ സ്ഥാനമേറ്റ നഗരപിതാവിന്റെ ആരോഗ്യ രംഗത്തെ രംഗ പ്രവേശം. എക്‌സിബിഷന്‍ തിരിച്ചുകൊണ്ടു വരികയും അതില്‍ നിന്നും കിട്ടുന്ന സാമ്പത്തികം കൊണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ആശുപത്രി കെട്ടിടം പുതുക്കി പണിയുകയുമാവാം.
Next Story

RELATED STORIES

Share it