World

ഇദ്‌ലിബ് ആക്രമണം ശക്തമാവുന്നു: ആറു പേര്‍ കൊല്ലപ്പെട്ടു

അന്തോക്യ: റഷ്യയുടെ സഹായത്തോടെ ഇദ്‌ലിബില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കുന്നു. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനുള്ള തുര്‍ക്കിയുടെ നിര്‍ദേശം തള്ളിയാണ് ജനാധിപത്യ വാദികളുടെ ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ ആക്രമണം ശക്തിപ്പെടുത്തിയത്. വ്യോമാക്രമണവും ബോംബിങ്ങും ഇന്നലെയും തുടര്‍ന്നു. ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം തുടരുന്നതിനു പുറമെ ആശുപത്രികള്‍ക്കു നേരെയും ആക്രമണമുണ്ടായി. തെക്കന്‍ ഇദ്‌ലിബിലെ ആശുപത്രി ബോംബിങ്ങില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. ചികില്‍സ തേടിയെത്തിയ കുട്ടി ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ഖാലത് അല്‍ മതീഖ് പട്ടണത്തിനു നേരെ ഇന്നലെ മാത്രം 150 പ്രാവശ്യമാണ് ഷെല്ലാക്രമണമുണ്ടായത്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇദ്‌ലിബില്‍ ഈ മാസം മാത്രമുണ്ടായ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മഹര്‍ഗക്കു നേരെയും ശക്തമായ ആക്രമണമാണ് സര്‍ക്കാര്‍സേന നടത്തിയത്. ഇതിനിടെ, കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ ഖാമിഷ്‌ലിയില്‍ സര്‍ക്കാര്‍ സേനയുമായി ഖുര്‍ദിഷ് സുരക്ഷാ സൈന്യം ഏറ്റുമുട്ടി. സര്‍ക്കാര്‍ സൈനയിലെ 13 പേരും 7 ഖുര്‍ദുകളും കൊല്ലപ്പെട്ടു. സിറിയയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇപ്പോഴും സര്‍ക്കാര്‍ സേനയുടെ അധീനതയിലായിട്ടില്ല. ഖുര്‍ദിഷ് സേനയായ അസ്സായേഷിന്റെ നിയന്ത്രണത്തിലാണ് മൂന്നിലൊന്ന് പ്രദേശങ്ങളും.











Next Story

RELATED STORIES

Share it