World

ഇദ്‌ലിബില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനം

ഇസ്താംബൂള്‍: ആഭ്യന്തരസംഘര്‍ഷം നിലനില്‍ക്കുന്ന സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ നീട്ടണമെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയ ഭരണഘടന തയ്യാറാക്കണമെന്നും റഷ്യ, തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് ഭരണാധികാരികള്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് വിമത പ്രദേശങ്ങളില്‍ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് നാലു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ ഇസ്താംബൂളില്‍ ചര്‍ച്ച നടത്തിയത്. സമാധാനം നിലനിര്‍ത്താനുള്ള റഷ്യ-തുര്‍ക്കി ധാരണ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു.
പുതിയ ഭരണഘടന ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇദ്‌ലിബില്‍ സൈനിക സാന്നിധ്യമില്ലാത്ത സമാധാന മേഖല രൂപീകരിക്കാന്‍, സിറിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയും വിമതരെ സഹായിക്കുന്ന തുര്‍ക്കിയും കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു. സിറിയയില്‍ വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ഏക പ്രദേശമാണ് ഇദ്‌ലിബും സമീപ ഗ്രാമങ്ങളും. കഴിഞ്ഞ വെള്ളിയാഴ്ച ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it