Editorial

ഇത് നീതിവ്യവസ്ഥയുടെ ഇരട്ടത്താപ്പ്

അക്കൗണ്ടില്‍ മിനിമം തുക ഇല്ലാത്തതിന്റെ പിഴയായി കഴിഞ്ഞ ഏഴു മാസക്കാലത്തിനുള്ളില്‍ മാത്രം എസ്ബിഐ ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത് 1717 കോടി രൂപ. മറ്റു ബാങ്കുകളും ഈ വകയില്‍ കോടിക്കണക്കിനു രൂപ ഇടപാടുകാരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടാവാം. ആരില്‍ നിന്നാണ് ഇത്രയും വലിയ തുക സര്‍വീസ് ചാര്‍ജായി ഈടാക്കിയതെന്ന് ആലോചിക്കുമ്പോഴാണ് ബാങ്കുകള്‍ ചെയ്ത പ്രവൃത്തിയുടെ ശരിയായ മുഖം വ്യക്തമാവുക. മിനിമം തുക അക്കൗണ്ടില്‍ നിലനിര്‍ത്താന്‍ ശേഷിയില്ലാത്തവര്‍ സാധാരണക്കാരായ വ്യക്തികളായിരിക്കും. ജീവിതാവശ്യങ്ങള്‍ നിവൃത്തിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയ താഴേക്കിടയിലുള്ള ആളുകള്‍. അവരില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. ഇവരില്‍ മഹാഭൂരിപക്ഷവും വിവിധ സേവനപദ്ധതികളുടെ ഭാഗമായുള്ള വായ്പകള്‍, സബ്‌സിഡി തുടങ്ങിയവ ലഭിക്കുന്നതിനു വേണ്ടി അക്കൗണ്ട് തുടങ്ങിയവരുമായിരിക്കും. ചുരുക്കത്തില്‍, പിച്ചച്ചട്ടിയില്‍ നിന്നു കൈയിട്ടുവാരുന്നതിന്റെ മറ്റൊരു രൂപമാണിത്. ബാങ്കുകള്‍ നോ ഫ്രില്‍സ് അക്കൗണ്ടുകള്‍, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. എടിഎം കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി മിനിമം ബാലന്‍സില്‍ നിഷ്‌കര്‍ഷയില്ലാതെ തുടങ്ങിയ അക്കൗണ്ടുകളും ധാരാളം. ഇത്തരം അക്കൗണ്ടുകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ചുമത്തുന്നതുമൂലം സാധാരണക്കാര്‍ക്ക് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ കുറച്ചൊന്നുമല്ല. ഈ പണം തിരിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ക്ക് അറുതിവരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും ന്യായയുക്തമായ ആവശ്യമാണ് ഇതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സര്‍വീസ് ചാര്‍ജിന്റെ പേരില്‍ സാധാരണക്കാരെ പ്രയാസത്തില്‍ അകപ്പെടുത്തുന്നത് നാം കൊട്ടിഘോഷിച്ചുപോരുന്ന ജനകീയ ബാങ്കിങിനു ഭൂഷണമല്ല തന്നെ. ഒരുവശത്ത് ബാങ്കുകള്‍ വഴി അടിസ്ഥാന വിഭാഗങ്ങള്‍ക്ക് വായ്പാ പദ്ധതികള്‍ വാഗ്ദാനം ചെയ്യുക, മറുവശത്ത് അവരെ ബാങ്കുകളില്‍ നിന്ന് അകറ്റുന്ന തരത്തില്‍ ഇടപാടുകാരെ പിഴിഞ്ഞെടുക്കുക- ഇതാണ് പ്രയോഗത്തില്‍ സംഭവിച്ചിട്ടുള്ളത്. സാധാരണക്കാരായ ഇടപാടുകാരില്‍ നിന്നു കോടികള്‍ പിടിച്ചെടുക്കാന്‍ കാണിച്ച ഈ ഉല്‍സാഹം എന്തുകൊണ്ടാണ് ബാങ്കുകള്‍ കുത്തക വ്യവസായികളുടെ കിട്ടാക്കടം പിടിച്ചെടുക്കുന്ന കാര്യത്തില്‍ പുലര്‍ത്താത്തത്? ദേശസാല്‍കൃത ബാങ്കുകള്‍ക്ക് 9000 കോടി രൂപ കിട്ടാക്കടം വരുത്തിവച്ച വിജയ് മല്യയില്‍ നിന്നു ചില്ലിക്കാശു പോലും പിരിച്ചെടുക്കാന്‍ ബാങ്കുകള്‍ക്കോ സര്‍ക്കാരിനോ ഇതേവരെ സാധിച്ചിട്ടില്ല. അദ്ദേഹം ലണ്ടനില്‍ സസുഖം ജീവിക്കുന്നു. ഇത് ഇവിടത്തെ നിയമവ്യവസ്ഥയുടെ ഇരട്ടത്താപ്പല്ലേ വിളിച്ചോതുന്നത്?
Next Story

RELATED STORIES

Share it