ഇത് ഏറ്റവും ധ്രുവീകരിക്കപ്പെട്ട കാലമെന്ന് ചിദംബരം; കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിന്റെ ഭാഷ വിഭജനത്തിന്റെ ഭാഷയായി മാറി

ന്യൂഡല്‍ഹി: ഇന്ത്യാ വിഭജനത്തിനും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനും ശേഷം ഇത്രയും സാമൂഹിക ധ്രുവീകരണമുണ്ടായ കാലം വേറെയുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രിയുമായ പി ചിദംബരം.
കഴിഞ്ഞദിവസം തന്റെ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണു ചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. എത്രമാത്രം ധ്രുവീകരിക്കപ്പെട്ട സമൂഹമായി ഇന്ത്യ മാറിയെന്ന് നമ്മില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്. ദയവായി നിങ്ങളുടെ മുസ്‌ലിം സുഹൃത്തിനോടോ ദലിത് സുഹൃത്തിനോടോ സംസാരിച്ചുനോക്കൂ. ചിദംബരം പറഞ്ഞു. പാവപ്പെട്ടവരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും വലിയ ആശങ്കയും സുരക്ഷിതത്വമില്ലായ്മയും ഉണ്ടെന്നും ചിദംബരം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസനത്തിന്റെ ഭാഷ വിഭജനത്തിന്റെ ഭാഷയായി പരിണാമപ്പെട്ടുവെന്നു ചിദംബരം പറഞ്ഞു.
ദാദ്രി, രോഹിത് വെമുല, ജെഎന്‍യു തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകള്‍ വഴിതിരിച്ചുവിടപ്പെടുന്നതിനെക്കുറിച്ച് ചിദംബരം സംസാരിച്ചു. അഖ്‌ലാക്കിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ ആട്ടിറച്ചിയാണോ എന്നായിരുന്നു സംവാദം. എന്നാല്‍ യഥാര്‍ഥ വിഷയം ആള്‍ക്കൂട്ടത്തിന് എന്തിന്റെ പേരിലായാലും ഒരാളെ അടിച്ചു കൊല്ലാന്‍ അവകാശമുണ്ടോ എന്നതാണ്.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് ദലിതനാണോ അല്ലയോ എന്ന നിലയിലായിരുന്നു ചര്‍ച്ച രൂപാന്തരപ്പെട്ടത്. എന്നാല്‍ എങ്ങനെയാണ് പിന്നാക്ക കുടുംബത്തില്‍ നിന്നു വരുന്ന, ആ വിഭാഗത്തില്‍ നിന്നു വിദ്യാഭ്യാസം നേടുന്ന ഒരു വിദ്യാര്‍ഥിയെ ഒരു സര്‍വകലാശാല തങ്ങളുടെ അപക്വമായ നടപടിയിലൂടെ ആത്മഹത്യയിലേക്കു നയിച്ചതെന്നതാണു വിഷയം. ജെഎന്‍യുവിലെ വിഷയം തെറ്റായി നയിക്കപ്പെട്ട ചില യുവാക്കള്‍ ദേശവിരുദ്ധമായ ചില മുദ്രാവാക്യങ്ങള്‍ മുഴക്കിയോ ഇല്ലയോ എന്നതല്ല, മറിച്ച് എന്താണ് ഒരു സര്‍വകലാശാല എന്നതാണ്. സര്‍വകലാശാലകള്‍ സന്യാസി മഠങ്ങള്‍ അല്ലെന്നും സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കു തെറ്റുകള്‍ വരുത്താന്‍ കൂടി അവകാശമുണ്ടെന്നും ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തരത്തില്‍ ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനങ്ങളുടെ സമാഹാരമായ 'കാവല്‍ക്കാരന്‍: പ്രതിപക്ഷത്തെ ഒരു വര്‍ഷം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
Next Story

RELATED STORIES

Share it