ഇത് ആവിഷ്‌കാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കാലം: കവിത ലങ്കേഷ്

കോഴിക്കോട്: കലയും സാഹിത്യവും സിനിമയും എന്നുവേണ്ട സകല ആവിഷ്‌കാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന കാലത്താണ് ഇന്ത്യ ജീവിക്കുന്നതെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷ്. ആശയങ്ങള്‍കൊണ്ട് സംവദിക്കുന്നതിനു പകരം, ആശയങ്ങളെ ശാരീരികമായി സമീപിക്കുന്ന രീതിയെ വ്യവസ്ഥാപിതവല്‍ക്കരിക്കുകയാണ് ഭരണകൂടം. ഭരണകൂടത്തിന്റെ  ഇത്തരം സമീപനങ്ങളുടെ രക്തസാക്ഷികൂടിയാണ് ഗൗരി ലങ്കേഷ്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഗൗരി ലങ്കേഷ് മാധ്യമപ്രവര്‍ത്തനത്തിലേക്കും സാമൂഹിക വിമര്‍ശനങ്ങളിലേക്കും കടന്നുവരുന്നത്. സംഘപരിവാര ഫാഷിസത്തിനെതിരേ മൂര്‍ച്ചയോടെ എഴുതി എന്നതാണ് ഗൗരി ലങ്കേഷിനെ ഫാഷിസ്റ്റുകളുടെ ശത്രുവാക്കിയതെന്നും കവിത പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഗൗരി ലങ്കേഷ് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കല്‍ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന്റെ കുറ്റകരമായ മൗനമാണ് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനാവകാശങ്ങളും നേരിടുന്ന വര്‍ത്തമാന പ്രതിസന്ധിയെന്ന് മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തെ മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഇന്നുകാണുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ് പലരും. ഭരണകൂടത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ അജണ്ടകളാണ് ഭരണഘടനാമൂല്യങ്ങളെ എന്നും കുരുതികൊടുത്തത്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളെ അനുഭവിച്ചും അതിജീവിച്ചുമാണ് ഭരണഘടന ഇന്നു നിലനില്‍ക്കുന്നതെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു. എസ് ആനന്ദ്് സംസാരിച്ചു. ഷാഹിന കെ റഫീഖ് മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it