Flash News

ഇത്തവണ ശമ്പളം മുന്‍കൂറില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ചരക്കുസേവന നികുതി പ്രാബല്യത്തിലായതിനുശേഷം നികുതിചോര്‍ച്ച ഉണ്ടായതാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ക്രിസ്മസ്-പുതുവല്‍സരം പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്പളം മുന്‍കൂര്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്തിയശേഷമേ തീരുമാനമെടുക്കൂവെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സാധാരണ ഡിസംബര്‍ ആദ്യം ശമ്പളം നല്‍കുന്നതിന് പുറമെ ആഘോഷവേള കണക്കിലെടുത്ത് ജനുവരിയിലെ ശമ്പളം ഡിസംബര്‍ അവസാനവാരം നല്‍കാറുണ്ടായിരുന്നു. നികുതിവരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നതിനാല്‍ സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ട്രഷറി ചെലവുകള്‍ നിയന്ത്രിക്കുമെന്നും വരുമാനത്തിന് അനുസരിച്ച് ചെലവ് നിയന്ത്രിച്ചേ മതിയാകൂവെന്നും ഐസക് പറഞ്ഞു. സംസ്ഥാനം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാറ്റ്, നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ഇനി ഉണ്ടാവില്ല. അവര്‍ക്കെതിരേ റവന്യൂ റിക്കവറി നടപടിയാണ് ഉണ്ടാവുകയെന്നും ധനമന്ത്രി അറിയിച്ചു.നേരത്തേ എക്‌സൈസ് + വാറ്റ് + സിഎസ്ടി നിരക്ക് വഴി ലഭിച്ചിരുന്ന വരുമാനത്തേക്കാള്‍ 30-40 ശതമാനം കുറവാണ് ജിഎസ്ടി നികുതിയിനത്തില്‍ സംസ്ഥാനത്തിന് ലഭിക്കുക. എന്നാല്‍, ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം. കേന്ദ്രസര്‍ക്കാര്‍ നികുതിനിരക്കുകള്‍ വീണ്ടും കുറച്ചിട്ടും സാധനങ്ങളുടെ വില കുറഞ്ഞില്ല. സംസ്ഥാനത്തെ നികുതിവരുമാനം വര്‍ധിപ്പിക്കാനും ഇതുവഴി സാധിച്ചില്ല. ജിഎസ്ടി നികുതിയുടെ അടിത്തറ വിപുലമാക്കുമെന്നും നികുതിചോര്‍ച്ച കുറയ്ക്കുമെന്നും അതുവഴി വരുമാനം ഉയര്‍ത്തുമെന്നുമാണ് സിദ്ധാന്തം. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതിന്റെ ആദ്യപടിയായ കംപ്യൂട്ടര്‍ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്കു സാധിച്ചിട്ടില്ല.
Next Story

RELATED STORIES

Share it