malappuram local

ഇത്തവണയും ഉപ്പുവെള്ളം കുടിക്കേണ്ടിവരും

പൊന്നാനി: കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ചമ്രവട്ടം ജലസംഭരണിയുടെ ചോര്‍ച്ച അടയ്ക്കാത്തതിനാല്‍ ഈ വര്‍ഷവും ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഭാരതപ്പുഴയില്‍ ചമ്രവട്ടത്തിന് കുറുകെ 978 മീറ്റര്‍ നീളത്തില്‍ റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മിക്കുമ്പോള്‍ അധികൃതര്‍ ലക്ഷ്യമിട്ടിരുന്നതു പൊന്നാനി, തിരൂര്‍ നഗരസഭകളിലെയും 16 പഞ്ചായത്തുകളിലെയും ശുദ്ധജലക്ഷാമം പരിഹരിക്കുക എന്നതായിരുന്നു.
നാലുമീറ്റര്‍ ഉയരവും 12 മീറ്റര്‍ വീതിയുമുളള 70 ഷട്ടറുകളാണ് സ്ഥാപിച്ചത്. പക്ഷെ ഷട്ടറുകള്‍ക്കടിയിലൂടെ വെള്ളം ചോര്‍ന്നുപോകാന്‍ തുടങ്ങിയതോടെ കോടികള്‍ വെള്ളത്തിലായി. നിളയില്‍ 13 കിലോമീറ്റര്‍ നീളത്തിലും ആറുമീറ്റര്‍ ഉയരത്തിലും ഒരുക്കിയ  ജലസംഭരണി വെറുതെയായി.16 പഞ്ചായത്തുകള്‍ക്കും തിരൂര്‍, പൊന്നാനി നഗരസഭകളിലെ ജനങ്ങള്‍ക്കും ഏതുകാലത്തും യഥേഷ്ടം കുടിവെളളം ഉറപ്പുവരുത്താന്‍ ഇതുമാത്രം മതിയായിരുന്നു. 12000ത്തില്‍പരം ഹെക്ടര്‍ കൃഷിയിടത്തില്‍ ജലസേചനവും ലഭ്യമാവുമായിരുന്നു.പക്ഷെ ജലസംഭരണി ചോരുന്നതിനാല്‍ ഇത്തവണയും ഉപ്പുവെളളം കുടിക്കാനാണ് യോഗം.
നിളയില്‍ വെളളം കുറയുന്നതോടെ വേലിയേറ്റ സമയത്ത് അറബിക്കടലില്‍ നിന്ന് ഉപ്പുവെളളം പൊന്നാനി അഴിമുഖം വഴിയെത്തും. നവംബറോടെ പുഴയില്‍ ചമ്രവട്ടത്ത് ഷട്ടറിട്ടാല്‍ ഉപ്പുവെളളം തടയാനാകും. ചമ്രവട്ടത്തുനിന്ന് അഴിമുഖത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമാണുളളത്. നിലവില്‍ ഇവിടങ്ങളില്‍ ഉപ്പുവെളളം കയറിത്തുടങ്ങിയിട്ടുണ്ട്.
വേനല്‍ ശക്തമാകുന്നതോടെ ഇതിന്റെ തോതും കൂടും. ഇതോടെ നിളയിലെ കുടിവെളള പദ്ധതികളിലൂടെ ലഭിക്കുന്ന വെളളത്തിനും ഉപ്പുരസമാവും. പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ തീരപ്രദേശങ്ങളില്‍ വേനലായാല്‍ ഉപ്പുവെളളം മാത്രമാണ് ലഭിക്കുക. കായലും കനാലുമുളള പ്രദേശമായതിനാല്‍ കിഴക്കന്‍ മേഖലകളില്‍ വേനലായാല്‍ വെളളത്തിന് കടുത്ത പുളിരസമാണ്. പണം നല്‍കിയും മറ്റും ടാങ്കറുകളില്‍ വെളളമെത്തിച്ചാണ് ജനജീവിതം മുന്നോട്ടുപോവുന്നത്. കുടിവെളളം വലിയ സ്വപ്‌നമായവരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ തിരിതെളിയിച്ചായിരുന്നു ചമ്രവട്ടം പദ്ധതി പിറന്നത്.
2012ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നത് ഇടതുഭരണകാലത്താണ് കമ്മീഷന്‍ ചെയ്ത് ആദ്യവര്‍ഷം തന്നെ ഏപ്രണിന് താഴെ ചോര്‍ച്ച കണ്ടു. ഇതു താത്ക്കാലികമായി പരിഹരിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം കൂടുതല്‍ ചോര്‍ച്ച വന്നതോടെ ഷട്ടറുകളിട്ട് വെളളം തടഞ്ഞുനിറുത്തായില്ല . കഴിഞ്ഞ 6 വര്‍ഷമായി  പദ്ധതി കുടിവെളളത്തിനോ ജലസേചനത്തിനോ പ്രയോജനപ്പെടുത്താനായിട്ടില്ല. 1985ലെ ഡിസൈനിംഗ് അനുസരിച്ചുളള നിര്‍മ്മാണവും ക്രമക്കേടുകളും പദ്ധതിയെ തകര്‍ത്തതായാണ് ഇതുവരെയുളള അനുഭവം.
വ്യാപക മണലെടുപ്പുമൂലം പുഴയുടെ സ്വഭാവം അടിമുടി മാറിയതൊന്നും പരിഗണിക്കാതെ പഴയ ഡിസൈനിങില്‍ നിര്‍മ്മാണം അതിവേഗം നടന്നു. അടിത്തട്ടിലെ മണ്ണിന്റെ ബലക്കുറവാണ് എപ്രണിലെ ചോര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അനധികൃത മണല്‍ക്കടത്തിന് പുറമെ പദ്ധതി നിര്‍മ്മാണത്തിന്റെ മറവില്‍ 37,000 മീറ്റര്‍ ക്യൂബിക്ക് മണല്‍ കടത്തപ്പെട്ടു. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലെ കണക്ക് മാത്രമാണിത്. ഇതിലും നാലിരട്ടി മണല്‍ നിര്‍മ്മാണ വസ്തുക്കളുമായി വരുന്ന വലിയ ലോറികളില്‍ കടത്തിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മണലെടുപ്പ് മൂലം വെളളം സംഭരിക്കാനുളള ശേഷി അനുദിനം ഇല്ലാതാവുന്ന നിളയ്‌ക്കേറ്റ കടുത്ത പ്രഹരമായി ഇത്.
വെളളം തടഞ്ഞുനിര്‍ത്തി സംരക്ഷിക്കാന്‍ ആരംഭിച്ച പദ്ധതി മണലൂറ്റലായി മാറിയത് നിളയെ ചെറുചാലുകളാക്കി അവശേഷിപ്പിക്കുന്നതിന് ശക്തിയേകി വെളളം കിട്ടാന്‍ ഇനിയും വേണം കോടികള്‍ ഷട്ടറുകളിലെ ചോര്‍ച്ച ഗുരുതരമായതോടെ പദ്ധതി തീര്‍ത്തും പാളിപ്പോയി. ഇതിന് പരിഹാരം കണ്ടെത്താന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിരുന്നു. പുഴയ്ക്ക് സമാന്തരമായി ഷീറ്റ് പൈലിങ് അടക്കമുളള നിര്‍ദ്ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചത്.22 കോടിയോളം രൂപ ചെലവാകും ചോര്‍ച്ചയടയ്ക്കാനുള്ള ഫണ്ട് ഓരോ ബജറ്റിലും അനുവദിക്കുന്നുണ്ടെങ്കിലും പരിഹാരം മാത്രം ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it