ഇതോ നവോത്ഥാനത്തിന്റെ ബാക്കിപത്രം?

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക
സാംസ്‌കാരിക യോഗങ്ങളിലെല്ലാം ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വാചകമുണ്ട്, നവോത്ഥാനം ഉഴുതുമറിച്ച മണ്ണിലാണ് പുരോഗമനപ്രസ്ഥാനങ്ങള്‍ വിത്തെറിഞ്ഞതും തഴച്ചുവളര്‍ന്നതും എന്ന്. ഓര്‍മവച്ച കാലം മുതല്‍ കേള്‍ക്കുന്ന ഈ വാചകം ഒരു മന്ത്രമെന്നപോലെ തലമുറ തലമുറ കൈമാറിയ നാടാണു നമ്മുടേത്. അതു പൊള്ളയായ വാചാടോപം മാത്രമായിരുന്നുവെന്നു തെളിയിക്കുന്ന അനുഭവങ്ങളിലൂടെയാണ് നമ്മുടെ ഓരോ ദിവസങ്ങളും കടന്നുപോവുന്നത്.
കോട്ടയത്ത് കെവിന്‍ ജോസഫിന്റെയും ഭാര്യ നീനു ചാക്കോയുടെയും ദുരന്തത്തെ കുറിച്ചോര്‍ത്താണ് ഇത്രയും പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ നിര്‍ഭാഗ്യവാനായ ആ ചെറുപ്പക്കാരന്റെ ജീവനില്ലാത്ത ശരീരം കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് നാട്ടുകാര്‍ കണ്ടെത്തി. ഭാര്യ നീനു ചാക്കോയുടെ സഹോദരനും ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്നാണ് ആ ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും. ഈ സംഭവങ്ങളൊക്കെ നീനുവിന്റെ മാതാപിതാക്കള്‍ക്ക് നേരത്തേ അറിയാമായിരുന്നെന്നു മാത്രമല്ല, ആസൂത്രണത്തില്‍ പങ്കെടുക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ അവരും ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു.
കെവിനെ സാമ്പത്തികാസമത്വത്തിന്റെയും ജാതിവേര്‍തിരിവിന്റെയും പേരില്‍ വകവരുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണെന്ന വസ്തുത അദ്ഭുതത്തോടെയാണ് നാം തിരിച്ചറിഞ്ഞത്. പിതാവ് ക്രിസ്ത്യാനിയും മാതാവ് മുസ്‌ലിമും. ഒരു മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്യാനും ക്രിസ്ത്യന്‍സഭയിലേക്ക് കൂട്ടിച്ചേര്‍ക്കാനും ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം മുമ്പ് പ്രശ്‌നമൊന്നും തോന്നാത്ത ആ കുടുംബത്തിന് ഒരു ദലിത് ക്രിസ്ത്യന്‍ യുവാവിനെ സ്വന്തം മകള്‍ വിവാഹം കഴിക്കുന്നതില്‍ വിമുഖതയുണ്ടാവുന്നു. മലയാളിസമൂഹത്തെ സംബന്ധിച്ചിടത്തോളം ജാതീയത സവര്‍ണ ഹിന്ദുക്കളുടെ മാത്രമല്ല, ഇതര മതസ്ഥരുടെയും സ്വഭാവവിശേഷമാണെന്ന് ഇതു തെളിയിക്കുന്നു.
കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഈ കുടുംബത്തിന്റെ ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നുവെന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന കാര്യമാണ്. ഈ ബന്ധുക്കളില്‍ പലരും പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ സഹയാത്രികരുമാണ്. തങ്ങളുടെ മകളുടെ അല്ലെങ്കില്‍ സഹോദരിയുടെ ജീവിതപങ്കാളിക്ക് സാമ്പത്തിക-സാമൂഹിക പദവി ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, അതില്ലാത്തതിന്റെ പേരില്‍ മകള്‍ കണ്ടെത്തിയവനെ വകവരുത്തുന്നതിന്റെ പിന്നിലെ മാനസികാവസ്ഥ പഠിക്കപ്പെടേണ്ടതാണ്. ജാതീയതയുടെ ഒറ്റമൂലിയായി മിശ്രവിവാഹങ്ങളെ നോക്കിക്കാണുന്നതിലെ സങ്കീര്‍ണതയും ഈ സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നു.
പോലിസ് വഹിച്ച റോള്‍ ഗുരുതരമെന്നേ പറയാനാവൂ. പോലിസ് നിഷ്‌ക്രിയമായിരുന്നെന്നു മാത്രമല്ല, ഗൂഢാലോചനയില്‍ പങ്കാളികളുമായി. രാഷ്ട്രീയനേതൃത്വമാവട്ടെ ആദ്യം ഒഴിഞ്ഞുമാറാനും എസ്‌ഐയുടെ വ്യക്തിപരമായ പ്രശ്‌നമായി ചുരുക്കാനുമാണു ശ്രമിച്ചത്. പിന്നീട് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദത്താലാണു നടപടികള്‍ ത്വരിതഗതിയിലാക്കിയത്.
കെവിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഇതേ ജാത്യാഭിമാനത്തിന്റെ പേരിലാണ് മലപ്പുറം ജില്ലയില്‍ അരീക്കോട്ടെ പൂവത്തിക്കണ്ടിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ രാജന്‍ മകള്‍ ആതിരയെ വാഴത്തണ്ടുപോലെ വെട്ടിവീഴ്ത്തിയത്. കേരളത്തിലും ദുരഭിമാനക്കൊലയോ എന്ന് നമ്മില്‍ പലരും അന്ന് അദ്ഭുതപ്പെട്ടു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഇതേ പശ്ചാത്തലത്തില്‍ കെവിന്‍ വധിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ശശിപ്പാറയില്‍ 23 വയസ്സുള്ള കമല്‍കുമാറും 20കാരിയായ പി പി അശ്വതിയും പരസ്പരം ബന്ധിച്ച് കൊക്കയില്‍ ചാടി ജീവിതം അവസാനിപ്പിച്ച വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. ഈ വാര്‍ത്ത കണ്ടപ്പോള്‍ 'എന്തിനാണിങ്ങനെ ആത്മഹത്യ ചെയ്യുന്നത്? എവിടെയെങ്കിലും പോയി ജീവിച്ചുകൂടേ?' എന്ന എന്റെ ചോദ്യത്തിന് അവിവാഹിതയായ 21 വയസ്സുള്ള എന്റെ സുഹൃത്തുകൂടിയായ പെണ്‍കുട്ടി പറഞ്ഞത് എന്നിട്ടുവേണം കെവിനെ പോലെയും മലപ്പുറത്തെ ആതിരയെ പോലെയും കൊല്ലപ്പെടാന്‍. അതിലും ഭേദം ഇതല്ലേ? രണ്ടാള്‍ക്കും ഒന്നിച്ചു മരിക്കാനെങ്കിലും കഴിയുമല്ലോ എന്നാണ്.
എന്തുകൊണ്ടാണ് വിദ്യാഭ്യാസവും സാമൂഹികബന്ധങ്ങളുമുള്ള ഒരു പെണ്‍കുട്ടിക്കുപോലും അങ്ങനെ ചിന്തിക്കാന്‍ തോന്നുന്നത്? നമ്മള്‍ മലയാളികള്‍ പറഞ്ഞുവച്ച നവോത്ഥാനവും പുരോഗമനവുമൊക്കെ വെറുതെയായിരുന്നു എന്നു വിലയിരുത്താനേ ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നുള്ളൂ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഇത്തരം കൊല്ലിനും കൊലയ്ക്കും പഴിപറഞ്ഞിരുന്ന നാം ഇന്ന് എവിടെയെത്തിയിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. ജാതിയും മതവും സാമ്പത്തികസ്ഥിതിയും സാമൂഹികപദവിയും എല്ലാം മനുഷ്യരെ വേര്‍തിരിക്കുന്ന വന്‍മതിലുകളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു എന്നതാണു യാഥാര്‍ഥ്യം. ഇതുവരെ നാം നേടിയെടുത്തു എന്ന് വിശ്വസിച്ച വിദ്യാഭ്യാസ-സാംസ്‌കാരിക പുരോഗതിയെക്കുറിച്ചുള്ള മിഥ്യാഭിമാനം കൈവെടിഞ്ഞ് യഥാര്‍ഥ പ്രശ്‌നത്തെ അപഗ്രഥനം ചെയ്യുകയും അതില്‍നിന്നുള്ള മോചനത്തിനായി ആത്മാര്‍ഥ ശ്രമം നടത്തുകയും വേണം. ി




Next Story

RELATED STORIES

Share it