Editorial

ഇതു വാര്‍ധക്യകാല പീഡനമാണ്‌

ഇതു വാര്‍ധക്യകാല പീഡനമാണ്‌
X

എം ജോണ്‍സണ്‍ റോച്ച്, നെയ്യാറ്റിന്‍കര

സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ ഇക്കഴിഞ്ഞ കുറേയേറെ നാളുകളായി സമരമുഖത്താണ്. ഈ സമരം പെന്‍ഷന്‍ വര്‍ധിപ്പിച്ചു കിട്ടാനോ ഏതെങ്കിലുമൊരു പുതിയ അവകാശം സ്ഥാപിച്ചെടുക്കാനോ വേണ്ടിയല്ല, മറിച്ച് കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ്. വാര്‍ധക്യകാല നിയമങ്ങളും-പരിരക്ഷകളും നിര്‍ബന്ധമായി നടപ്പാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിഷ്‌കര്‍ഷിക്കുകയും വാര്‍ധക്യകാല അവകാശ നയങ്ങള്‍ പാസാക്കുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഒരുവിഭാഗം വൃദ്ധര്‍ അതിജീവനത്തിനായി തെരുവിലിറങ്ങിയിരിക്കുന്നതെന്നറിയണം. കെഎസ്ആര്‍ടിസിയിലെ 40,000ഓളം വരുന്ന പെന്‍ഷന്‍കാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണു കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. സപ്തംബര്‍ അവസാനത്തിനകം കുടിശ്ശിക പൂര്‍ണമായി നല്‍കാമെന്ന ഗതാഗതമന്ത്രിയുടെ വാഗ്ദാനം ജലരേഖയായി തീര്‍ന്നിരിക്കുന്നു. ഇത് എന്നു കിട്ടുമെന്നോ ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുമെന്നോ ഒരു എത്തുംപിടിയുമില്ല. അശരണരായ ഈ പെന്‍ഷന്‍കാര്‍ ഓരോ മാസവും വിവിധതരം സമരമുറകള്‍ നടത്തിയാലേ ഭാഗികമായിപ്പോലും പെന്‍ഷന്‍ വിതരണം ചെയ്യുകയുള്ളൂ എന്ന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി കൊടുംക്രൂരതയാണ്. പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ല, സേവന വിരാമ സംരക്ഷണമാണ്. ജീവനക്കാര്‍ അവരുടെ ആരോഗ്യമുള്ള കാലത്ത് ജോലിചെയ്ത് ആര്‍ജിച്ച അവകാശമാണ്. അതു വിതരണം ചെയ്യാനുള്ള കടമ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നതും മെല്ലെപ്പോക്ക് സ്വീകരിക്കുന്നതും വാര്‍ധക്യകാല പീഡനമാണ്. ആയുസ്സിന്റെ നല്ലകാലത്ത് ജനത്തിനു കൃത്യമായി സേവനം എത്തിച്ചതിന്റെ പ്രതിഫലമായി കിട്ടേണ്ട പെന്‍ഷന്‍ കിട്ടാത്ത അവസ്ഥയുണ്ടാക്കി അവരെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇതിനകം 26 പേര്‍ ആത്മഹത്യ ചെയ്തു. ഏതൊരു സര്‍ക്കാര്‍ സര്‍വീസും കണക്കെ പിഎസ്‌സി പരീക്ഷയും അഭിമുഖവും കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടിയവരാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരും. എന്നാല്‍, പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്ത ഏകവിഭാഗം കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ മാത്രമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനം നഷ്ടത്തിലായതുകൊണ്ടുമാത്രം അതിലെ പെന്‍ഷന്‍കാരെ അവഗണിക്കുന്നതു ശരിയാണോ? നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡിലും ജല അതോറിറ്റിയിലും കുടിശ്ശിക ഇല്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ ജോലിചെയ്യാത്തവര്‍ക്കുപോലും വിവിധതരം പെന്‍ഷനുകള്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നു വിതരണം ചെയ്യുന്നുണ്ട്. അപ്പോള്‍ കെഎസ്ആര്‍ടിസിക്കാരുടെ പെന്‍ഷന്‍ ഖജനാവില്‍നിന്നു കൊടുക്കാന്‍ എന്തിനു മടിക്കണം? പെന്‍ഷന്‍കാര്‍ക്കും സര്‍വീസിലുള്ളവര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നതു വിതരണം ചെയ്യുന്നതില്‍ കാലതാമസമോ വിവേചനമോ പാടില്ലെന്ന് കോടതിയും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ കൃത്യമായി കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും കോടതികളും ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്. ഇത്തരുണത്തില്‍ പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ചവരുത്താതെ, വയോധികരെ തെരുവിലിറക്കാതെ അവരെ സംരക്ഷിക്കേണ്ട ആര്‍ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.
Next Story

RELATED STORIES

Share it