ഇതുവരെ സമര്‍പ്പിച്ചത് 56,173 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ  സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നു വൈകീട്ട് മൂന്നിന് അവസാനിക്കും. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ നിലനിന്ന തര്‍ക്കങ്ങള്‍ക്ക് ഒരുവിധം പരിഹാരമായതോടെ കഴിഞ്ഞ രണ്ടുദിവസമായി അതിവേഗത്തിലാണ് പത്രിക സമര്‍പ്പണം നടന്നത്. അവസാന ദിനമായ ഇന്ന് റിബലുകള്‍ ഉള്‍പ്പടെ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ വന്‍ തിരക്കാവും അനുഭവപ്പെടുക. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. 17 വരെ പത്രികകള്‍ പിന്‍വലിക്കാം. സംസ്ഥാനത്ത് ആകെയുളള 21,871 വാര്‍ഡുകളിലേക്കായി ഇന്നലെവരെ 56,173 പത്രികകളാണു സമര്‍പ്പിക്കപ്പെട്ടത്. ഇന്നലെ മാത്രം 34,610 പേര്‍ പത്രിക നല്‍കി. ഇവരില്‍ 17,443 പുരുഷന്‍മാരും 17,167 സ്ത്രീകളും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ്. മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയം ഏറക്കുറെ പൂര്‍ത്തിയായി. തൃശൂരില്‍ കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെങ്കിലും കൊച്ചിയില്‍ തര്‍ക്കം നിലനില്‍ക്കുന്നു.ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളിലാണ് മുന്നണി നേതൃത്വങ്ങള്‍. സമുദായ സംഘടനകളുമായി സഖ്യം സ്ഥാപിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ആലപ്പുഴ ജില്ലയിലുള്‍പ്പെടെ ഒറ്റപ്പെട്ട തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പലസ്ഥലങ്ങളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. സീറ്റുവിഭജനം പൂര്‍ത്തിയായിട്ടും പലയിടത്തും യു.ഡി.എഫിലും കോണ്‍ഗ്രസ്സിലും അമര്‍ഷം പുകയുകയാണ്. നിരവധി വാര്‍ഡുകളിലും ഭീഷണിയായി റിബലുകളുമുണ്ട്.

എല്ലാ ജില്ലകളിലും സീറ്റുവിഭജനം പൂര്‍ത്തിയായെന്നാണ് എല്‍.ഡി.എഫ്. അവകാശപ്പെടുന്നത്. പല സ്ഥലത്തും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണവും പ്രചാരണവും ആരംഭിച്ചു.സീറ്റ് വിഭജനത്തോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയവും നടക്കുന്നതിനാല്‍ യു.ഡി.എഫ്. ക്യാംപില്‍ വേഗം കുറവാണ്. ഒപ്പം തമ്മിലടിയും രൂക്ഷമായിട്ടുണ്ട്. മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. കോട്ടയത്ത് പലയിടത്തും കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും സൗഹൃദ മല്‍സരത്തിനുള്ള തയ്യാറെടുപ്പിലാണ്. യുവാക്കളെ പരിഗണിക്കാത്തതിനാല്‍ യൂത്ത്‌കോണ്‍ഗ്രസ് തെരുവില്‍ പ്രതിഷേധിച്ചിരുന്നു. എസ്.എന്‍.ഡി.പിയുമായി ധാരണയുള്ള സ്ഥലങ്ങളിലെ ചെറിയ തര്‍ക്കങ്ങളൊഴിച്ചാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിനു തയ്യാറെടുക്കുകയാണ് ബി.ജെ.പി. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലും കോണ്‍ഗ്രസ്സിലും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ടിറങ്ങി. ഘടകകക്ഷികളും കോണ്‍ഗ്രസ്സുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടും.
Next Story

RELATED STORIES

Share it