ഇതിഹാസ കായികതാരം മുഹമ്മദലിയുടെ ജീവിതം അരങ്ങിലെത്തുന്നു

കൊച്ചി: ഇതിഹാസ കായികതാരം മുഹമ്മദലിയുടെ ജീവിതവും റിങിനകത്തും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടവും നാടകമാവുന്നു. കൊച്ചിയിലെ കലാപ്രവര്‍ത്തക കൂട്ടായ്മ സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ടാണ് 'അലി ബിയോണ്ട് ദ റിങ്' എന്ന പേരില്‍ അലിയുടെ ഐതിഹാസിക ജീവിതം അരങ്ങിലെത്തിക്കുന്നത്. പി പി ജോയ് ആണ് നാടകം സംവിധാനം ചെയ്യുന്നത്.
മുഹമ്മദലിയുടെ ജീവിതവും അദ്ദേഹത്തിന് സംഗീതത്തോടുണ്ടായിരുന്ന താല്‍പര്യവും കോര്‍ത്തിണക്കി നിര്‍മിച്ച നാടകം ഏപ്രില്‍ 27, 28, 29 തിയ്യതികളില്‍ ഇടപ്പള്ളി പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയം ആംഫി തിയേറ്ററില്‍ അരങ്ങേറും. തല്‍സമയം റെഗ്ഗെ, ഹിപ്, ഹോപ്പ്, ജാസ് വിഭാഗത്തില്‍പ്പെടുന്ന ഗാനങ്ങള്‍ ആലപിക്കുന്ന ബാന്‍ഡും നാടകത്തിന്റെ ഭാഗമാവുമെന്ന് നാടകപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
30 വര്‍ഷത്തോളം നാടകരംഗത്ത് സജീവമായ ഷെറിനാണ് മുഹമ്മദലിയുടെ വേഷം അവതരിപ്പിക്കുന്നത്. മാസങ്ങളുടെ തയ്യാറെടുപ്പിനു ശേഷമാണ് അദ്ദേഹം മുഹമ്മദലിയുടെ വേഷത്തില്‍ അരങ്ങിലെത്തുന്നത്. മദന്‍ ബാബുവാണു രചന. സാംകുട്ടി പട്ടങ്കരിയാണ് കലാസംവിധാനം. ലൈറ്റ് ഡിസൈനിങ് നിര്‍വഹിക്കുന്നത് ശ്രീകാന്ത് കാമിയോയാണ്.
എറണാകുളം പ്രസ്‌ക്ലബ്ബില്‍ നാടകത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ചലച്ചിത്രതാരം മണികണ്ഠന്‍ ആചാരി തുടക്കമിട്ടു. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ട് ചെയര്‍മാന്‍ ജോണ്‍സണ്‍ വി ദേവസി, സെക്രട്ടറി ഇ എസ് സുചീന്ദ്രന്‍, സംവിധായകന്‍ ജോയ് പി പി, സംവിധായകരായ മനോജ് അരവിന്ദാക്ഷന്‍, ജയകൃഷ്ണന്‍ എം വി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it