Sports

ഇതാണ് യഥാര്‍ഥ ധോണി

ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഭാഗ്യ മൈതാനത്ത് ഇക്കുറിയും ഭാഗ്യം ധോണിയേയും കൂട്ടരേയും കൈവിട്ടില്ല. തുടര്‍ തോല്‍വികളില്‍ ഏറെ പഴികേട്ട ശേഷം നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നില്‍ നിന്നു പട നയിച്ച് ധോണിയും സംഘവും 22 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. സെഞ്ച്വറിക്കു തുല്യമായ അര്‍ദ്ധ സെഞ്ച്വറി  നേടിയ ധോണിയും (86 പന്തില്‍ നിന്ന് 92), ശക്തമായ പിന്തുണ നല്‍കിയ അജിന്‍ഗ്യ രഹാനെയും (63 പന്തില്‍ നിന്ന് 51) ചേര്‍ന്നാണ് ഇന്ത്യക്ക് ആശ്വാസജയം സമ്മാനിച്ചത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.

താരതമ്യേന ദുര്‍ബലമായ വിജയലക്ഷ്യമായിരുന്നിട്ടു കൂടി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 റണ്‍സ് എടുക്കുന്നതിനിടേ എല്ലാവരും പുറത്താവുകയായിരുന്നു.   ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും അക്ഷര്‍ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മൂന്നു അത്യുഗ്രന്‍ ക്യാച്ചുകളുമായി തിളങ്ങിയ ഉപനായകന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ വിജയത്തില്‍ തന്റേതായ പങ്ക് വഹിച്ചു.  23.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഡുപ്ലെസിയെ 26-ാം ഓവറിലും 36 റണ്‍സെടുത്ത  ഡുമിനിയെ 24-ാം ഓവറിലും  പുറത്താക്കിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവസാന ഓവറിലെ ആദ്യ അഞ്ചു ബോളുകളിലും റണ്‍സെടുക്കാന്‍ ധോണിക്കായില്ല. ഒടുവില്‍ ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സറടിച്ചാണ് ധോണി വ്യക്തിഗത സ്‌കോര്‍ 92ല്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it