ഇതാണോ ചെലവുകുറഞ്ഞ ഇന്ധനം ?

എം പി വിനോദ്

ഉത്തരേന്ത്യയില്‍ 2.52 ഡോളര്‍; കേരളത്തില്‍ 24.35 ഡോളര്‍
പ്രകൃതിവാതകം ചെലവു കുറഞ്ഞ ഇന്ധനമായി അവതരിപ്പിക്കുന്ന ഗെയില്‍ കേരളത്തിലെ വ്യവസായങ്ങളുടെ രക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകമാണ് ഗുണകരം എന്നാണ് പ്രചരിപ്പിക്കുന്നത്. പെട്രോളിയം ഉള്‍പന്നങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ധനവും കൂടുതല്‍ ഉല്‍പാദനവും എന്ന മോഹനവാഗ്ദാനത്തില്‍ മയങ്ങുന്നതിനു മുമ്പ് പ്രകൃതിവാതകത്തിനു ഉത്തരേന്ത്യയില്‍ നല്‍കുന്ന വിലകൂടി പരിശോധിക്കാം. അന്താരാഷ്ട്ര വിപണിയില്‍ പെര്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് കേവലം 1.792 ഡോളറാണ് വില.
ഉത്തരേന്ത്യയിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈദ്യുതി, രാസവളം നിലയങ്ങള്‍ക്ക് 2.52 ഡോളറിന് ഗെയില്‍തന്നെ പ്രകൃതിവാതകം നല്‍കുന്നു. എന്നാല്‍ കേരളത്തില്‍ നികുതികള്‍ ഉള്‍പ്പെടെ യൂണിറ്റിന് 24 ഡോളര്‍വരെയാണ് ഈടാക്കുന്നത്. എട്ടിരട്ടിയിലേറെ കൊള്ളവിലയ്ക്കാണ് കേരളത്തിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗെയില്‍ പ്രകൃതിവാതകം നല്‍കുന്നത്. എന്നിട്ടാണ് ചെലവുകുറഞ്ഞ ഇന്ധനമായി പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ വിവിധ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രകൃതിവാതകം നല്‍കുന്നതിന് ഈടാക്കുന്ന ഗെയില്‍ പുറത്തുവിട്ട കണക്കുതന്നെയാണ് ഈ തീവെട്ടിക്കൊള്ള പുറത്തുകൊണ്ടുവരുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസി ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകം വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി, വളം പ്ലാന്റുകള്‍ക്ക് യൂണിറ്റിന് 2.52 ഡോളര്‍ നിരക്കിലാണ് നല്‍കുന്നത്. വടക്കു കിഴക്കന്‍ മേഖലയ്ക്കു പുറത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇത് 4.2 ഡോളറിനും നല്‍കുന്നു. റിലയന്‍സിന്റെ കെജിഡി 6 എണ്ണപ്പാടത്തുനിന്നും ഉല്‍പാദിപ്പിക്കുന്നവ എല്ലാ ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 4.2 ഡോളര്‍ നിരക്കിലാണ് വിതരണം. അതേസമയം അംഗുരയില്‍ നിന്നുള്ളതിന് ഗെയില്‍ 2.52 ഡോളറും റാവയില്‍ നിന്നുളളതിന് 3.5 ഡോളറും ഈടാക്കുന്നു.
പുതുവൈപ്പിനില്‍ ഇറക്കുമതി ചെയ്യുന്ന ആര്‍എല്‍എന്‍ജി യൂണിറ്റിന് 12 മുതല്‍ 17 ഡോളര്‍ വരെ നിരക്കിലാണ് നല്‍കുന്നത്. ഓരോ കപ്പലെത്തുമ്പോഴും വിലയില്‍ മാറ്റമുണ്ടാവും. 2014 ജനുവരിയില്‍ കേരളത്തിലെ പ്രധാന ഉപഭോക്താവായ ഫാക്ടിന് പ്രകൃതിവാതകം നല്‍കിയത് യൂണിറ്റിന് 24.35 ഡോളര്‍ വിലയ്ക്കാണ്. ഇതോടെ ഫാക്ട് പ്രകൃതിവാതകം വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തു.

ഫാക്ടിനെ രക്ഷിക്കാന്‍ ഒറ്റമൂലിയായി അവതരിപ്പിച്ചു; പൊള്ളുന്ന വിലയില്‍ പ്രകൃതിവാതകം ഉപേക്ഷിച്ചു
കേരളത്തില്‍ ഗെയിലിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് പ്രതിദിനം 27,000 ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ് പ്രകൃതിവാതകം ഉപയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഫാക്ട് എന്ന ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍ ട്രാവന്‍കൂര്‍. ഫാക്ടിന്റെ പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ 35,190 യൂണിറ്റ് പ്രകൃതിവാതകമാണ് വേണ്ടിവരുക. നഷ്ടത്തിലായ ഫാക്ടിനെ രക്ഷിക്കാനുള്ള ഒറ്റമൂലിയായാണ് ഗെയില്‍ പ്രകൃതിവാതകത്തെ വിശേഷിപ്പിച്ചത്. നിലവി ല്‍ പ്രവര്‍ത്തിക്കുന്ന നാഫ്ത മാറ്റി പ്ലാന്റ് പ്രകൃതിവാതകത്തിലേക്കു മാറ്റിയാല്‍ 210 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടിനെ രക്ഷിക്കാമെന്ന പ്രചാരണമാണ് നടത്തിയത്. എന്നാല്‍, ഫാക്ട് പ്രകൃതിവാതകത്തിലേക്കു മാറിയപ്പോള്‍ പ്രതിവര്‍ഷ നഷ്ടം 730 കോടിയായി കുതിച്ചുയരുകയായിരുന്നു. ഇതോടെ ഗെയിലില്‍ നിന്നും പ്രകൃതിവാതകം വാങ്ങുന്നത് ഫാക്ട് നിര്‍ത്തി.
നാഫ്ത ഉപേക്ഷിച്ച് ഫാക്ടിന് പ്രകൃതിവാതകത്തിലേക്കു മാറ്റാന്‍ ഗെയില്‍ സമര്‍ത്ഥമായ നാടകമാണ് കളിച്ചത്. ഇതിന് ആദ്യമായി ഫാക്ടിലെ തൊഴിലാളി സംഘടനകളെ പിടിക്കുകയായിരുന്നു. സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെല്ലാം അമോണിയാ പ്ലാ ന്റ് പ്രകൃതിവാതകത്തിലേക്ക് മാറ്റണമെന്നു മുറവിളി തുടങ്ങി. ഇതോടെ ഫാക്ടിനെ രക്ഷിക്കാനുള്ള നീക്കമായി വാഴ്ത്തി നാഫ്ത നിര്‍ത്തി ഗെയ്‌ലിന്റെ പ്രകൃതിവാതകം കൊണ്ടുവന്നപ്പോഴാണ് പൊള്ളുന്ന വില ഫാക്ടിന് താങ്ങാനാവാത്ത അവസ്ഥയായത്. രാജ്യത്തിന്റെ ഉത്തര, കിഴക്കന്‍ മേഖലകളിലെ രാസവളം നിര്‍മാണശാലകള്‍ക്ക് യൂണിറ്റിന് 2.52 ഡോളറിനു നല്‍കുന്ന പ്രകൃതിവാതകത്തിനാണ് ഗെയില്‍ ഫാക്ടില്‍നിന്നും 24.35 ഡോളര്‍ ആവശ്യപ്പെട്ടത്.
2013 ആഗസ്ത് 25നാണ് ഫാക്ട് പ്രകൃതിവാതകം ഉപയോഗിക്കാന്‍ ആരംഭിച്ചത്. പുതുവൈപ്പ് ടെര്‍മിനലില്‍നിന്ന് ഒരു കെജി മര്‍ദ്ദത്തിലുള്ള പ്രകൃതിവാതകത്തിന് യൂണിറ്റിന് 12 ഡോളര്‍ നിരക്കില്‍ രണ്ടാഴ്ചത്തേക്കായിരുന്നു ഗെയിലും ഫാക്ടും കരാറുണ്ടാക്കിയത്. കുറഞ്ഞ മര്‍ദ്ദത്തിലുള്ള പ്രകൃതിവാതകംകൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ 45 കെജി മര്‍ദ്ദത്തില്‍ പ്രകൃതിവാതകമാണ് ഫാക്ട് ആവശ്യപ്പെട്ടത്. ഇതിന് 19.5 ഡോളറാണ് ഗെയില്‍ നിരക്കിട്ടത്. നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ 14.5 ശതമാനം വാറ്റ് നികുതി ഒഴിവാക്കണമെന്നാണ് ഗെയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടും ഫാക്ടിനുള്ള പ്രകൃതിവാതകത്തിന്റെ വില അടിക്കടി വര്‍ധിപ്പിക്കുകയായിരുന്നു. കേരളത്തിനാവട്ടെ നികുതി നഷ്ടവും.
പ്രകൃതിവാതകവുമായി ഖത്തറില്‍ നിന്നും ഓരോ കപ്പലെത്തുമ്പോഴും വില കുത്തനെകൂടി. 2014 ജനുവരി 15നു 23.76 ഡോളറും ശേഷം 23.76 ഡോളറുമായി. ഇതോടെ 2014 ജനുവരി 19 മുതല്‍ ഫാക്ട് പ്രകൃതിവാതകം വാങ്ങുന്നത് നിര്‍ത്തുകയായിരുന്നു. നേരത്തെ നാഫ്ത ഉപയോഗിച്ചപ്പോള്‍ യൂണിറ്റിന് 22-24 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്.
നാഫ്ത ഉപയോഗിക്കുന്നതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ ഒരു കിലോ ഗ്രാം ഫോസ്‌ഫേറ്റിന് 3.121 രൂപയും സള്‍ഫേറ്റിന് 3.658 രൂപയും കേന്ദ്ര സര്‍ക്കാര്‍ ഫാക്ടിനു നല്‍കിയിരുന്നു. പ്രകൃതിവാതകത്തിലേക്കു മാറിയതോടെ ആ സബ്‌സിഡി തുകയും നഷ്ടമായി.
210 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ട് നാഫ്ത മാറ്റി ലാഭകരമെന്നു പ്രചരിപ്പിച്ച പ്രകൃതിവാതകത്തിലേക്കു മാറിയതോടെ കമ്പനിയുടെ പ്രതിവര്‍ഷ നഷ്ടം 730 കോടി രൂപയായാണ് കുതിച്ചുയര്‍ന്നത്. ഫാക്ടിന്റെ ഈ അനുഭവപാഠം മാത്രം മതി ചെലവുകുറഞ്ഞ ഇന്ധനമായി ഗെയില്‍ വാഴ്ത്തുന്ന ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകം കേരളത്തിലെ വ്യവസായങ്ങളുടെ മരണമണി മുഴക്കുമെന്നു തിരിച്ചറിയാന്‍.

നാളെ: ബ്രഹ്മപുരത്ത് 171 കോടിയുടെ വാതക നിലയം നഷ്ടക്കച്ചവടമാവും; വേണ്ടെന്ന് റെഗുലേറ്ററി കമ്മീഷന്‍
(പരമ്പരയില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ഒന്നാം ഭാഗത്തില്‍ എണ്ണ കമ്പനികള്‍ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിന് വിധേയമാക്കാത്തതിനാലാണ് ഈ അഴിമതിയും 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതി അടക്കമുള്ളവ പുറത്തുവരാത്തത് എന്ന വാചകം തെറ്റാണ്. എണ്ണ കമ്പനികള്‍ സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍)യുടെ ഓഡിറ്റിങിനു വിധേയമാക്കാത്തതിനാലാണ് ഈ അഴിമതി, 2 ജി സ്‌പെക്ട്രവും കല്‍ക്കരിപ്പാടം അഴിമതി അടക്കമുള്ളവ പോലെ പുറത്തുവരാത്തത് എന്ന് തിരുത്തണം. - എഡിറ്റര്‍)
Next Story

RELATED STORIES

Share it