ഇതര സംസ്ഥാന ലോട്ടറി നറുക്കെടുപ്പിന് പ്രത്യേക ഫീസ്

തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറികള്‍ കേരള വിപണിയിലെത്തുന്നതു തടയാന്‍ സര്‍ക്കാര്‍ ലോട്ടറിച്ചട്ടം ഭേദഗതി ചെയ്തു. സംസ്ഥാനം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഇതര സംസ്ഥാന ലോട്ടറികള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന പഴയ ചട്ടം പുനസ്ഥാപിച്ചു.
നികുതി സെക്രട്ടറിയെ ഇതിനായി  ചുമതലപ്പെടുത്തി. മിസോറാം ലോട്ടറി വിതരണം തടഞ്ഞതിനെതിരേ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന ഏജന്‍സിക്ക് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ ഓരോ സാധാരണ നറുക്കെടുപ്പിനും 50 ലക്ഷവും ബംബറിന് ഒരുകോടിയും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. നികുതിക്കു പുറമേയാണ് ഇത്. സംസ്ഥാന ലോട്ടറിക്കും ബാധകമാവും. ജിഎസ്ടി നിലവില്‍ വന്നതോടെ ഇതര സംസ്ഥാന ലോട്ടറിക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍, അതത് സംസ്ഥാനത്തിന്റെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ കേന്ദ്രത്തെ സമീപിക്കാം. നേരത്തേ മിസോറാം ലോട്ടറി ഇവിടെ വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതര സംസ്ഥാന ലോട്ടറിക്ക് കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്തിയിട്ടും ഇവര്‍ നറുക്കെടുപ്പ് വിജ്ഞാപനം ചെയ്തു. എന്നാല്‍, ലോട്ടറി നിയമത്തിനു വിരുദ്ധമാണ് ഇവരുടെ കച്ചവടമെന്നു കണ്ടെത്തി സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റുകള്‍ കണ്ടുകെട്ടി. വിറ്റവര്‍ക്കെതിരേ കേസും എടുത്തു. ഇതിനെതിരേയാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വിശദാംശങ്ങള്‍ ആരായാമെന്നല്ലാതെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. വിധിക്കെതിരേ  സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇതിനു പുറമേയാണ് ലോട്ടറിച്ചട്ടം ഭേദഗതി ചെയ്ത് ഉത്തരവായത്.
Next Story

RELATED STORIES

Share it