ernakulam local

ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് തുടങ്ങി

മട്ടാഞ്ചേരി: ട്രോളിങ് നിരോധനം ശനിയാഴ്ച തുടങ്ങാനിരിക്കേ ഇതര സംസ്ഥാന മല്‍സ്യബന്ധന ബോട്ടുകള്‍ തീരം വിട്ട് തുടങ്ങി. ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോവണമെന്ന് ഫിഷറീസ് വകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ അന്‍പത്തിരണ്ട് ദിവസമാണ് ട്രോളിങ് നിരോധനം.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കായലോര പെട്രോള്‍ പമ്പുകള്‍ അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമായി തീരമേഖലയിലും ഹാര്‍ബറുകളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നോട്ടീസ് പ്രചരണവും മൈക്ക് പ്രചരണവും നടക്കും.
മുനമ്പം, കൊച്ചി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ആയിരത്തി എഴുന്നൂറ്റി അമ്പതോളം ബോട്ടുകളാണ് മല്‍സ്യബന്ധനം നടത്തുന്നത്. ട്രോളിങ് നിരോധനം നിലവില്‍ വന്നാല്‍ യാര്‍ഡുകളിലേക്കും മറ്റും ബോട്ടുകള്‍ കൊണ്ട് പോവണമെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ അനുമതി വാങ്ങണം. കോസ്റ്റല്‍ പോലിസ് അഴിമുഖത്ത് പെട്രോളിങ് ശക്തമാക്കും. അതേസമയം ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ തീരദേശം പട്ടിണിയിലാകും.
ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ നിന്ന് ഇനിയും മുക്തമാവാത്ത മല്‍സ്യമേഖല ട്രോളിങ് ആരംഭിക്കുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാവും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത യാനങ്ങള്‍ക്കും ട്രോളിങ് നിരോധന കാലയളവില്‍ മല്‍സ്യബന്ധനം നടത്താമെങ്കിലും ബോട്ടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാവും. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറും നിശ്ചലമാവും. അനുബന്ധ മേഖലയിലെ തൊഴിലാളികളും പട്ടിണിയിലാവും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനായി മല്‍സ്യഫെഡ് പമ്പുകള്‍ക്ക് പുറമേ തിരഞ്ഞെടുത്ത പമ്പുകളും ഉപയോഗിക്കാം.
ചെറു മല്‍സ്യങ്ങളെ പിടിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുവാനും തീരുമാനമുണ്ട്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുമ്പോള്‍ ബയോ മെട്രിക് ഐഡി കാര്‍ഡ് കയ്യില്‍ കരുതണം. കടലിലുണ്ടാവുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പെട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോല്‍ റൂമും തയ്യാറായിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പെട്രോളിങ്ങിനുമായി രംഗത്തുണ്ടാവും. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് ബോട്ടുകള്‍ പലതും അറ്റകുറ്റപ്പണികള്‍ക്കായി യാര്‍ഡുകളില്‍ കയറ്റി തുടങ്ങി.
Next Story

RELATED STORIES

Share it