thiruvananthapuram local

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നിയമ പരിരക്ഷ ഉറപ്പാക്കും: മന്ത്രി



തിരുവനന്തപുരം: കേരളത്തില്‍ തൊഴിലെടുക്കുന്ന എല്ലാ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തിലെ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച ഏകദിന ശില്‍പശാല മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തി തൊഴിലെടുക്കുന്നവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഈ രംഗത്ത് യാതൊരുവിധ ചൂഷണവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ തൊഴില്‍ ഏജന്റുമാര്‍ ശ്രദ്ധിക്കണം. നിര്‍മാണമേഖലയിലെ തൊഴില്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ തൊഴിലാളികളുടെ വേതനത്തിലും മറ്റാനുകൂല്യങ്ങളിലും ചൂഷണം നടക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കും. ഈ മേഖലയിലെ ചൂഷണങ്ങള്‍ തടയാന്‍ തൊഴില്‍വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ തേടി എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും മൈഗ്രന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കാന്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് 640 പേര്‍ക്ക് താമസിക്കാവുന്ന 64 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ ഈ സൗകര്യമൊരുക്കും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍വകുപ്പു നടത്തിയ പരിശോധന തുടര്‍ന്നും നടത്തുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്,  ലേബര്‍ കമ്മീഷണര്‍ കെ. ബിജു, ആസൂത്രണ ബോര്‍ഡ് അംഗം കെ. രവി രാമന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it